സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വൈസ് പ്രസിഡന്‌റും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ കമല ഹാരിസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തം. കഴിഞ്ഞ ദിവസം അമ്മയോടൊപ്പമുള്ള തന്‌റെ കുട്ടിക്കാലത്തെ ചിത്രം കമല ഹാരിസ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. താന്‍ ഇന്ന് കാണുന്ന കമലയായതിന് പിന്നില്‍ അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവുമെന്നായിരുന്നു ഫോട്ടോ പങ്കുവെച്ച് കൊണ്ട് കമല എക്‌സില്‍ കുറിച്ചത്.
‘എന്‌റെ അമ്മ ഡോ. ശ്യാമള ഗോപാലന്‍ ഹാരിസ് പത്തൊമ്പതാം വയസിലാണ് തനിയെ അമേരിക്കയിലെത്തുന്നത്. അമ്മയുടെ ധൈര്യവും ദൃഢനിശ്ചയവുമാണ് ഇന്നത്തെ എന്നെ വാര്‍ത്തെടുത്തത്’, കമല ഹാരിസ് എക്‌സില്‍ കുറിച്ചു.
പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവന്നപ്പോള്‍ കുട്ടിക്കാലത്ത് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് കമല പറഞ്ഞിരുന്നു. എക്‌സിലെ പോസ്റ്റ് കൂടി പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് കമലയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഇന്ത്യന്‍ വേരുകള്‍ ഒര്‍മ വന്നോ എന്നായിരുന്നു എക്‌സില്‍ ചില ഉപഭോക്താക്കളുടെ ചോദ്യം. വ്യാജ ഇന്ത്യനും വ്യാജ ഹിന്ദുവും എന്നാണ് മറ്റു ചിലര്‍ കമലയെ വിമര്‍ശിച്ചത്. നുണ പറയുന്നതില്‍ മാത്രമാണ് കമല മികച്ചതെന്നും ചിലർ ആരോപിച്ചു. വോട്ടുകള്‍ നേടാന്‍ ഇന്ത്യന്‍ വംശജയെന്ന വാദം ഉപയോഗിക്കരുതെന്നും വിമര്‍ശനമുണ്ട്.
അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി. അമേരിക്കയെ രക്ഷിക്കാന്‍ തനിക്ക് വോട്ട് ചെയ്യണമെന്നാണ് മുന്‍ പ്രസിഡന്‌റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്‌റെ വാദം. തിരഞ്ഞെടുക്കപ്പെട്ടാല്‍ ചെയ്യുന്ന പ്രവർത്തികളുടെ പട്ടിക പുറത്തുവിട്ടാണ് വൈസ് പ്രസിഡന്‌റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസിന്‌റെ തിരഞ്ഞെടുപ്പ് പ്രചാരണം.
നവംബര്‍ അഞ്ചിന് അമേരിക്കയില്‍ ജനം വിധിയെഴുതാനിരിക്കെ ഏഴ് കോടി പേർ ഏര്‍ളി വോട്ടിംഗ്, പോസ്റ്റല്‍ സംവിധാനങ്ങളിലൂടെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞു. 24 കോടി പേര്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല