സ്വന്തം ലേഖകൻ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന അബ്ദു റഹീമിനെ മോചിപ്പിക്കാനുള്ള ധനസമാഹരണത്തിലൂടെ 34.45 കോടി ലഭിച്ചെന്ന് റിപ്പോർട്ട്. മകന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അബ്ദുറഹീമിന്റെ മാതാവ് ഫാത്തിമയും. ഇതിന് മുന്നോടിയായി ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തില്‍ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ രണ്ട് ദിവസമായി പുരോഗമിക്കുകയായിരുന്നു.
ഇനി ആരും പണം അയക്കേണ്ടെന്ന് റഹീമിന്റെ കുടുംബം അഭ്യർത്ഥിച്ചു. അബ്ദു റഹീമിനെ മോചിപ്പിക്കാൻ പണം നൽകി സഹായിച്ച എല്ലാ സുമനസുകൾക്കും സന്നദ്ധ പ്രവർത്തകരും കുടുംബവും നന്ദിയറിയിച്ചു. പണം കൈമാറാനുള്ള തീയതി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് 34 കോടി രൂപ സമാഹരിച്ചത്. പണം ഇന്ത്യൻ എംബസി മുഖേന സൗദി സർക്കാരിന് കൈമാറാൻ നീക്കം നടക്കുകയാണ്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടി പണം സമാഹരിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച് കോഴിക്കോട് കോടമ്പുഴ സ്വദേശി എം.പി. അബ്ദുള്‍ റഹീമിന്റെ മാതാവ് ഫാത്തിമ. ‘സഹായിച്ച എല്ലാവര്‍ക്കും നന്ദി. മകന്‍ എത്രയും പെട്ടെന്ന് വരട്ടെ. എവിടെനിന്നാണ് പൈസ കിട്ടുക എന്ന് വിചാരിച്ച് വിഷമമുണ്ടായിരുന്നു. ഇന്നാണ് വിഷമം തീര്‍ന്നത്. ഇനി എന്റെ കുട്ടിയെ കണ്ടിട്ടുള്ള സന്തോഷം വരട്ടെ’, അബ്ദുള്‍ റഹീമിന്റെ മാതാവ് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് എംബസിക്ക് പണം കൈമാറാനുള്ള ശ്രമമാണ് ഇനി നടത്തേണ്ടതെന്ന് ദയാധന സമാഹരണ കമ്മിറ്റി അറിയിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ആയിരുന്നു ജനകീയ സമിതിയുടെ രക്ഷാധികാരികൾ. ഏപ്രില്‍ 16നകം പണം മരിച്ച കുട്ടിയുടെ കുടുംബത്തിന് കൈമാറണം. സര്‍ക്കാരുകള്‍ തമ്മിലുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളതെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര സംഘടിപ്പിച്ചിരുന്നു. വ്യക്തിപരമായി ഒരു കോടി രൂപയും അദ്ദേഹം സംഭാവന നൽകി. ബോച്ചെയുടെ ഇടപെടലിലൂടെ സംഭവത്തിന് വാർത്താപ്രാധാന്യം ലഭിക്കുകയും സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ മുന്നോട്ടുവരികയും ചെയ്തു. വിദേശത്തുള്ള സന്നദ്ധ പ്രവർത്തകരും സംഘടനകളും പണം സ്വരൂപിക്കാൻ ഒത്തുചേരുകയും ചെയ്തു.
വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടൻ സുരേഷ് ഗോപി ഇന്നലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിരുന്നു. കൂടാതെ സൗദി അംബാസിഡറുമായും അദ്ദേഹം സംസാരിച്ചിരുന്നു. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ എംബസി.
കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ അബ്ദുറഹീം തന്റെ 26ാം വയസ്സില്‍ 2006ലാണ് ഹൗസ് ഡ്രൈവര്‍ വീസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്‌മാന്‍ അല്‍ ഷഹ്രിയുടെ മകന്‍ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില്‍ യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.
ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. റഹീം വധശിക്ഷയും കാത്ത് 18 വര്‍ഷമായി അല്‍ഹായിര്‍ ജയിലില്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല