സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന് ലണ്ടനില്‍ രാജകീയ സ്വീകരണം; സൗദിയില്‍ മതേതര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രഖ്യാപനം. സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ഈജിപ്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി ലണ്ടനിലിറങ്ങിയ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. മൊത്തം 100 ശതകോടി ഡോളറിന്റെ കരാറുകളാകും ഈ ദിവസങ്ങളില്‍ ഒപ്പുവെക്കുകയെന്നാണ് സൂചന.
ബുധനാഴ്ച രാവിലെ ബക്കിങ്ഹാം കൊട്ടാരത്തിലെത്തിയ അമീര്‍ മുഹമ്മദ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. രാജകുടുംബത്തിലെ മറ്റുഅംഗങ്ങളെയും അദ്ദേഹം കണ്ടു. അമീര്‍ മുഹമ്മദിനായി കൊട്ടാരത്തില്‍ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ളത് ചരിത്രപ്രധാന സൗഹൃദമാണെന്നും അതിന് നൂറ്റാണ്ട് പഴക്കമുണ്ടെന്നും അമീര്‍ മുഹമ്മദ് ചൂണ്ടിക്കാട്ടി. ആധുനിക സൗദി രാഷ്ട്ര ത്തിന്റെ സ്ഥാപനകാലം മുതല്‍തന്നെ അടുത്ത ബന്ധമാണ് ഇരുരാജ്യങ്ങളും കാത്തുസൂക്ഷിക്കുന്നത്. ഉഭയതാല്‍പര്യമുള്ള നിരവധി വിഷയങ്ങള്‍ രണ്ടുരാജ്യങ്ങള്‍ക്കുമുണ്ട്. എക്കാലത്തേയും മികച്ച നിലയിലാണ് ഇപ്പോഴത്തെ ബന്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സുപ്രധാന കരാറുകളാണ് വരും ദിവസങ്ങളില്‍ ഒപ്പുവെക്കാനിരിക്കുന്നത്. വിവിധ രംഗങ്ങളില്‍ ദീര്‍ഘകാല ഉഭയബന്ധം ഇരുരാജ്യങ്ങളും തമ്മിലുണ്ട്. അമേരിക്കക്ക് പിന്നില്‍ സൗദിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രിട്ടന്‍. പശ്ചിമേഷ്യയിലെ ബ്രിട്ടന്റെ ഏറ്റവും വലിയ പങ്കാളി സൗദിയുമാണ്. 17.5 ശതകോടി ഡോളര്‍ മൂല്യമുള്ള 300 ലേറെ സംയുക്ത സംരംഭങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലവിലുള്ളത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഉഭയവ്യാപാരം 3.19 ശതകോടി ഡോളര്‍ ഉയര്‍ന്നിട്ടുണ്ട്.
സൗദിയില്‍ ആരംഭിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായി മതാന്തര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ആംഗ്ലിക്കന്‍ സഭാ മേധാവി ആര്‍ച്ച്ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ഇരുവരും ഒരു മണിക്കൂര്‍ സംസാരിച്ചു. സൗദി അറേബ്യയില്‍ മതസ്വാതന്ത്ര്യത്തിനുള്ള വിലക്കുകളില്‍ ആര്‍ച്ച്ബിഷപ് ഉത്കണ്ഠ പ്രകടിപ്പിച്ചു. ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ രാജകുമാരന്‍ പ്രധാനമന്ത്രി തെരേസാ മേ യുമായും കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല