ക്രോയിഡോണ്‍: ക്രോയിഡോണ്‍-മിച്ചം നിവാസികളായ ഇരുപത്തഞ്ചോളം കുടുംബാംഗങ്ങള്‍ ഒന്നിച്ചുചേര്‍ന്നു നടത്തിയ ക്രിസ്തുമസ് പുതുവത്സര ആഘോഷം വര്‍ണാഭമായി. അസോസിയേഷനുകളുടെ പിന്‍ബലമില്ലാതെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ സ്നേഹ കൂട്ടായ്മയിലെ കുടുംബങ്ങള്‍ പതിവ് തെറ്റിക്കാതെ ഐക്യത്തോടെ നടത്തിവരുന്ന ആഘോഷ പരിപാടികള്‍ ശ്രദ്ധേയമാണ്.
ക്രോയിഡോണ്‍ പെപ്പര്‍ മിന്റ് കൊളസ് സ്കൌട്ട് ഹാളില്‍ സംഘടിപ്പിച്ച ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദപരവും കലാപരവുമായ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് മികവുറ്റതായി. ആഘോഷങ്ങളുടെ ഉല്‍ഘാടനം എഴുത്തുകാരന്‍ കെ.മുരുകേശന്‍ നിര്‍വഹിച്ചു.
മൂല്യതകര്‍ച്ചയും ധര്‍മച്യൂതിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കലാഘട്ടത്തില്‍ സദാചാര ചിന്തകള്‍ പകര്‍ന്നുകൊണ്ട് ജീവിതത്തെ ക്രമപ്പെടുത്തുമ്പോള്‍ മാത്രമേ സമൂഹത്തില്‍ പ്രത്യാശയുടെ വെളിച്ചം വിതറുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ എന്ന് കെ മുരുകേശന്‍ അഭിപ്രായപ്പെട്ടു. മനോജ് രാമകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. സി.എ ജോസഫ് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്‍കി.
മനുഷ്യ മനസുകളിലെ അന്ധത അകറ്റുവാന്‍ ലോകത്തിന്റെ പ്രകാശയിരുന്ന യേശുക്രിസ്തുവിന്റെ സ്നേഹം ജീവിത മാതൃകയായി സ്വീകരിച്ചാല്‍ കുടുംബത്തിനും സമൂഹത്തിനും ശാന്തിയും സമാധാനവും കൈവരിക്കുവാന്‍ കഴിയുമെന്നും ദൈവ സ്നേഹത്തില്‍ ഊന്നിയ പരസ്നേഹത്തിന്റെ കൂടായ്മകള്‍ സമൂഹത്തില്‍ രൂപപ്പെടണമെന്നും സി.എ ജോസഫ് തന്റെ സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.
തുടര്‍ന്നു കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് അവതരിപ്പിച്ച കരോള്‍ ഗാനങ്ങള്‍, ഹാസ്യകലാ പ്രകടനം, നൃത്തങ്ങള്‍, സ്കിറ്റ് തുടങ്ങിയ പരിപാടികള്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഷാഫി കുണ്ടറ ആലപിച്ച ഗാങ്ങങ്ങള്‍ അതീവ ഹൃദ്യമായിരുന്നു. കുട്ടികളും സ്ത്രീകളും ചേര്‍ന്ന് അവതരിപ്പിച്ച വിനോദ പരിപാടികള്‍ സദസിന്റെ ഹര്‍ഷാരവം ഏറ്റുവാങ്ങി.
പരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് ബെന്നി കോതമംഗലം കൃതജ്ഞത പറഞ്ഞു. സജീവ് ഭാസ്കരന്‍, വിനോദ് തായങ്കരി, റീഗന്‍ പുതുശ്ശേരി, മാത്യു കോട്ടയം എന്നിവര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഓര്‍ഡര്‍ ചെയ്തെത്തിയ വിഭവങ്ങള്‍ക്കൊപ്പം ഓരോ ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന വൈവിധ്യമാര്‍ന്ന വിഭവങ്ങളടങ്ങിയ സ്വാദിഷ്ടമായ ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല