സ്വന്തം ലേഖകന്‍: തേംസ് നദിയില്‍ കടല്‍പ്പാലത്തിന്റെ തൂണിലിടിച്ച ഉല്ലാസബോട്ടില്‍ തീ, അത്ഭുതകരമായി രക്ഷപ്പെട്ടത് 150 ഓളം വിനോദസഞ്ചാരികള്‍. കിഴക്കന്‍ ലണ്ടനില്‍ ഞായറാഴ്ചയായിരുന്നു സംഭവം. യാത്രക്കാരില്‍ ഏറിയ പങ്കും ഇന്ത്യന്‍ വംശജരായിരുന്നു.
1965ല്‍ സ്ഥാപിതമായ ദി ടാഗോറിയന്‍സ് എന്ന സാംസ്കാരിക സംഘടന അതിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബോട്ടുയാത്രക്ക് ഇടയിലായിരുന്നു അപകടം. യാത്രക്കാരായി ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും ബംഗാള്‍ വംശജരായിരുന്നു. മൂന്നു മണിക്കൂര്‍ യാത്ര അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് ബോട്ട് തൂണില്‍ ഇടിച്ചത്.
കാനറി കടല്‍പ്പാലത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ബോട്ടില്‍നിന്നു പുകയുയര്ന്നെങ്കിലും ആളുകള്‍ പരിഭ്രാന്തരാകാതിരുന്നതിനാല് വലിയ അപകടം ഒഴിവായി. തീ പടര്‍ന്നതോടെ തേംസ് നദിയിലുണ്ടായിരുന്ന മറ്റു രണ്ടു ബോട്ടുകള്‍ സഹായത്തിനെത്തുകയും യാത്രക്കാരെ സുരക്ഷിതരായി ആ ബോട്ടുകളിലേക്ക് മാറ്റുകയും ചെയ്തു.
യാത്രക്കാരില്‍ ചിലര്‍ക്കു നിസാര പരിക്കേറ്റതൊഴിച്ചാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്പേതന്നെ ബോട്ടിന്റെ തീ അണച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല