ഐപിഎല്‍ എട്ടാം സീസണിലെ ക്വാളിഫയര്‍ മത്സരത്തില്‍ ബാംഗഌരിനെ പരാജയപ്പെടുത്തി ചെന്നൈ ഫൈനലില്‍. 139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ ഒരു പന്ത് അവശേഷിക്കെയാണ് വിജയം കണ്ടത്. മൂന്ന് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. മത്സരത്തില്‍ നിര്‍ണായകമായത് മൈക്ക് ഹസ്സിയുടെയും ധോണിയുടെയും ഇന്നിംഗ്‌സുകളാണ്. മൈക്ക് ഹസ്സി 56 റണ്‍സും ധോണി 26 റണ്‍സും നേടി. ചെന്നൈ താരം ആസിഷ് നെഹ്‌റയാണ് മാന്‍ ഓഫ് ദ് മാച്ച്.
ഹസ്സിക്ക് പുറമെ ചെന്നൈക്ക് വേണ്ടി സ്മിത്ത് 17, ഡൂപ്ലെസിസ്21, ധോണി 26, നെഗ്ഗി 12 റണ്‍സ് എന്നിങ്ങനെ നേടി. നെഗ്ഗി നേടിയ 12 റണ്‍സ് മത്സരത്തില്‍ വളരെ നിര്‍ണായകമായിരുന്നു.
നേരത്തെ ടോസ് നേടിയ ചെന്നൈ നായകന്‍ ധോണി ബാംഗ് ളൂരിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ബാംഗഌരിനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിന് തളയ്ക്കാന്‍ ചെന്നൈക്കായി. ആസിഷ് നെഹ്‌റ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, അശ്വിന്‍, മോഹിത് ശര്‍മ്മ, റെയ്‌ന, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബാംഗഌര്‍ നിരയില്‍നിന്ന് ഗെയില്‍ 43 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ സര്‍ഫറാസ് 21 പന്തില്‍ 31 റണ്‍സ് നേടി. ഗെയിലാണ് ബാംഗ്‌ളൂരിന്റെ ടോപ് സ്‌കോറര്‍. വിരാട് കൊഹ്‌ലിക്ക് 12 റണ്‍സും എബി ഡിവില്ലിയേഴ്‌സിന് ഒരു റണ്ണും മണ്‍ദീപ് സിംഗിന് നാല് റണ്ണും മാത്രമാണ് നേടാന്‍ സാധിച്ചത്. ദിനേഷ് കാര്‍ത്തിക് 28 റണ്‍സ് എടുത്തു.
ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. ഇതു വരെ നടന്നിട്ടുള്ള എല്ലാ ഐപിഎല്‍ ഫൈനലുകളിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല