സ്വന്തം ലേഖകന്‍: അമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്യൂബയിലേക്ക് ബോട്ട് ഓടിക്കാനുള്ള ഒരുക്കത്തിലാണ് അമേരിക്ക. അമേരിക്കക്കും ക്യൂബക്കുമിടയില്‍ ആദ്യ ബോട്ട് സര്‍വീസിന് ഒബാമ ഭരണകൂടം അനുമതി നല്‍കി.
ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഈ തീരുമാനം ഗുണകരമാകുക. ഇരു രാജ്യങ്ങളിലേയും സഞ്ചാരികള്‍ക്ക് സുഗമമായ സഞ്ചാര പാത തുറക്കുന്നതിനു പുറമേ വന്‍ ചരക്കുഗതാഗതത്തിനും ഇത് വഴി തുറക്കും.
1959 ലെ ക്യൂബന്‍ വിപ്ലവത്തിനു മുമ്പ് ഹവാനക്കും ഫ്‌ളോറിഡക്കുമിടയില്‍ ദിവസവും ബോട്ട് സര്‍വീസുണ്ടായിരുന്നു. അമേരിക്കന്‍ സഞ്ചാരികള്‍ ഹവാനയിലെത്തുന്നതും ക്യൂബക്കാര്‍ അമേരിക്കയില്‍ രാത്രി ഷോപ്പിങ്ങിന് പോകുന്നതും കടത്തു കടന്നായിരുന്നു.
എന്നാല്‍ വിപ്ലവത്തിനു ശേഷം ഇരു രാജ്യങ്ങളും അകന്നതോടെ ബോട്ട് സര്‍വീസ് നിരോധിച്ചു. ഇതോടെ അമേരിക്കന്‍ ഉല്‍പന്നങ്ങളും ക്യൂബന്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി.
കഴിഞ്ഞ വര്‍ഷാവസാനം ക്യൂബക്കെതിരെയായ വാണിജ്യ ഉപരോധത്തില്‍ ഒബാമ ഭരണകൂടം ഇളവുകള്‍ വരുത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരകലിന്റെ ലക്ഷണമായാണ് നിരീക്ഷകര്‍ ബോട്ട് സര്‍വീസിനെ കാണുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല