അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന ശത്രുത മറന്ന് ക്യൂബയും അമേരിക്കയും തങ്ങളുടെ ഉഭയകക്ഷി ബന്ധം ഔദ്യോഗികമായി പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ വീണ്ടും തുറന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്തായിട്ടാണ് ക്യൂബയുടെ എംബസി സ്ഥിതി ചെയ്യുന്നത്. 1961നു ശേഷം ആദ്യമായാണ് അമേരിക്കയില്‍ ക്യൂബയുടെ പതാക പാറുന്നത്.
കഴിഞ്ഞ ഡിസംബറോടെയാണ് ശീതയുദ്ധകാലത്തെ ശത്രുക്കളായ അമേരിക്കയും ക്യൂബയും ശത്രുത ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ഏപ്രിലില്‍ പനാമയില്‍ കൂടിക്കാഴ്ച നടത്തി. ചരിത്രത്തിലേക്ക് നീണ്ട ഹസ്തദാനമെന്നായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ചയെ മാധ്യമങ്ങള്‍ പുകഴ്ത്തിയത്.
സൗഹൃദം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ക്യൂബയിലേക്കുള്ള യാത്രാവിലക്കുകള്‍ക്ക് അമേരിക്ക ഇളവ് നല്‍കുകയും ന്യൂയോര്‍ക്കില്‍നിന്ന് പ്രതിവാര വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഭീകരവാദ പട്ടികയില്‍നിന്ന് ക്യൂബയുടെ പേര് അമേരിക്ക ഒഴിവാക്കുകയും ചെയ്തിരുന്നു. പുതിയൊരു സൗഹൃദത്തിനും നയതന്ത്ര ബന്ധത്തിനും ഇരു എംബസികളും വഴിതുറക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകരും മറ്റും വിലയിരുത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല