സ്വന്തം ലേഖകന്‍: ഫിഡല്‍ കാസ്ടോയുടെ ചിതാഭസ്മവും വഹിച്ചുള്ള വിലാപയാത്രക്ക് ഇന്ന് തുടക്കമാകും, ഒമ്പതു ദിവസത്തെ ദുഃഖാചരണം. ഫിഡല്‍ കാസ്ട്രോയുടെ അനുസ്മരണ ചടങ്ങുകള്‍ ഞായറാഴച തുടങ്ങിയിരുന്നു. രാജ്യത്ത് ഒമ്പതു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടികയും പ്രധാന ചടങ്ങുകളും കായിക മത്സരങ്ങളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം മദ്യവില്‍പ്പന റദ്ദാക്കി. ഹവാനയിലെ വിപ്ലവ ചത്വരത്തിലും സാന്റിയാഗോയുടെ കിഴക്കന്‍ നഗരത്തിലും കാസ്ട്രോയെ ബഹുമാനിച്ച് കൂറ്റന്‍ റാലികള്‍ നടത്തി. ക്യൂബന്‍ പത്രങ്ങളെല്ലാം കറുത്ത നിറത്തിലാണ് അച്ചടിച്ചത്. കമ്മ്യൂണിസ്റ്റ് യുവാക്കളുടെ പത്രമായ റിബല്‍ യൂത്തിന്റെ നീല നിറവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മയുടെ ചുവപ്പു നിറവും കറുപ്പിന് വഴിമാറി.
അന്തരിച്ച നേതാവിന്റെ ചിതാഭസ്മം ഡിസംബര്‍ നാലിന് സാന്റിയാഗോയിലെ സാന്റാ ഇഫ്ജീനിയ സെമിത്തേരിയില്‍ മറവു ചെയ്യും. അതോടൊപ്പം സാന്റിയാഗോയിലും ഹവാനയിലും പടുകൂറ്റന്‍ റാലികളും നടത്തും. തലസ്ഥാനമായ ഹവാനയില്‍ തിങ്കളാഴ്ച നടത്തുന്ന റാലിക്കുശേഷം കാസ്ട്രോയുടെ ചിതാഭസ്മവുമായി കിഴക്കന്‍ നഗരമായ സാന്റിയാഗോയിലേക്ക് ചതുര്‍ദിന വിലാപയാത്ര ആരംഭിക്കും.
ഡിസംബര്‍ നാലിനു രാവിലെ ഏഴിനാണ് സെമിത്തേരിയിലെ ചടങ്ങുകള്‍. 19 ആം നൂറ്റാണ്ടില്‍ സ്പാനിഷ് കോളനിവാഴ്ചക്ക് എതിരേ ക്യൂബന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഹൊസെ മാര്ട്ടിയുള്പ്പെടെ നിരവധി പ്രമുഖര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയാണിത്.
ഇതേസമയം ക്യൂബന്‍ പ്രവാസികള്‍ താമസിക്കുന്ന അമേരിക്കയിലെ മയാമിയില്‍ കാസ്ട്രോയുടെ മരണം ആഘോഷിച്ച് ജനങ്ങള്‍ ആഹ്ളാദ പ്രകടനം നടത്തി. ശീതയുദ്ധകാലത്ത് ക്യൂബയിലെ ഏകാധിപത്യ ഭരണത്തില്‍നിന്നു രക്ഷപ്പെടാനായി ഒട്ടേറെപ്പേര്‍ കടല്‍താണ്ടി അമേരിക്കയില്‍ അഭയം തേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല