സ്വന്തം ലേഖകന്‍: ചരിത്രം കുറിച്ച് ക്യൂബയില്‍ ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തി. റെവല്യൂഷണറി പാലസില്‍ വച്ചാണ് ഇരു നേതാക്കളും തമ്മില്‍ക്കണ്ടത്. സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന.
ചര്‍ച്ചക്കു ശേഷം ഇരുവരും ക്യൂബന്‍ സൈനികപരേഡ് വീക്ഷിച്ചു. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് തുടങ്ങി നിരവധി പ്രമുഖരും ഒബാമയെ അനുഗമിച്ചിരുന്നു. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയുമായുള്ള പതിറ്റാണ്ടുകള്‍ നീണ്ട അകല്‍ച്ച അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വീണ്ടും എംബസികള്‍ തുറന്നത് ഈയ്യിടെയാണ്.
ഒബാമ തുറന്നിട്ട വാതില്‍ പ്രയോജനപ്പെടുത്താന്‍ അമേരിക്കന്‍ കമ്പനികളും ഒപ്പമുണ്ട്. ഇവിടേയ്ക്ക് വൈ ഫൈയും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും കൊണ്ടുവരാനുള്ള ഗൂഗിള്‍ പദ്ധതി ഒബാമ പ്രഖ്യാപിക്കുകയും ചെയ്തു. ഞായറാഴ്ച ക്യൂബന്‍ മണ്ണില്‍ എത്തിയ ഒബാമ ഇന്നലെ ക്യൂബന്‍ സ്വാതന്ത്ര്യസമര പോരാളിയും കവിയുമായ ജോസ് മാര്‍ത്തിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.
റെവല്യൂഷന്‍ ചത്വരത്തില്‍ ഒബാമ നിന്നപ്പോള്‍ അമേരിക്കന്‍ ദേശീയ ഗാനം മുഴങ്ങി. അമേരിക്കന്‍ വിരുദ്ധ സമീപനം ദേശീയ വികാരമായിരുന്ന ഒരു രാജ്യത്താണ് ഇതെന്നത് ചരിത്രത്തിലെ കൗതുകമായി. ഇതിനു മുമ്പ് 2013 ല്‍ ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയുടെ സംസ്‌കാരവേളയിലാണ് ഒബാമയും കാസ്‌ട്രോയും കണ്ടുമുട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല