സ്വന്തം ലേഖകന്‍: രണ്ടു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പുതിയ ചരിത്രം രചിച്ച് ഒബാമ മടങ്ങി. ’50 വര്‍ഷമായി ഞങ്ങള്‍ ചെയ്തത് ഞങ്ങളുടെ താല്‍പ്പര്യങ്ങളെയോ ക്യൂബന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയോ സംരക്ഷിച്ചില്ല’ എന്ന് തുറന്നു സമ്മതിച്ചാണ് ഒബാമ വിട വാങ്ങിയത്. ക്യൂബയുടെ വിധി നിര്‍ണയിക്കുന്നത് അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ ആയിരിക്കില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ഉഭയകക്ഷിബന്ധം സാധാരണ നിലയിലാകണമെങ്കില്‍ ഉപരോധം പൂര്‍ണമായി നീക്കണമെന്ന ക്യൂബയുടെ ഉപാധിയും അദ്ദേഹം അംഗീകരിച്ചു. ക്യൂബയ്ക്കെതിരായ വ്യാപാര ഉപരോധം പൂര്‍ണമായും നീക്കേണ്ടത് അനിവാര്യമാണെങ്കിലും ഇത് എപ്പോള്‍ സാധ്യമാകുമെന്ന് കൃത്യമായി പറയാനാകില്ലെന്ന് ഒബാമ പറഞ്ഞു. ഉപരോധം പൂര്‍ണമായി നീക്കാന്‍ യുഎസ് കോണ്‍ഗ്രസിന്റെ സമ്മതം വേണമെന്നതിനാലാണ് ഇത്.
മനുഷ്യാവകാശം, പൌരസ്വാതന്ത്യ്രം തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ച് ഒബാമ ക്യൂബയെ വിമര്‍ശിച്ചപ്പോള്‍ റൌള്‍ കാസ്റ്റ്രോ തിരിച്ചടിച്ചത് ‘ക്യൂബയില്‍ രാഷ്ട്രീയത്തടവുകാരുള്ളതായി എനിക്കറിയില്ല. അങ്ങനെ ആരെങ്കിലുമുണ്ടെങ്കില്‍ പട്ടിക തരൂ. ഈ രാത്രിതന്നെ അവരെ വിട്ടയക്കാം’ എന്നു പറഞ്ഞാണ്. ഗ്വാണ്ടനാമോയിലെ അമേരിക്കന്‍ തടവറ പൂട്ടണമെന്ന ആവശ്യവും ഒബാമയ്ക്കു മുന്നില്‍ റൌള്‍ ആവര്‍ത്തിച്ചു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ക്യൂബയിലെ സര്‍ക്കാര്‍ വിമര്‍ശകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഒബാമ മടങ്ങിയത്. റൌളിനൊപ്പം ബേസ് ബോള്‍ മത്സരം കാണാനും അമേരിക്കന്‍ പ്രസിഡന്റ് സമയം കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല