സ്വന്തം ലേഖകന്‍: ചരിത്രം കുറിക്കാന്‍ ഒബാമ ക്യൂബയിലേക്ക്, 80 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്. 1928 ല്‍ കാല്‍വിന്‍ കൂളിഡ്ജിനുശേഷം പദവിയിലിരിക്കെ ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതിയാണ് ഒബാമയെ കാത്തിരിക്കുന്നത്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം ജിമ്മി കാര്‍ട്ടറും ഒരിക്കല്‍ ക്യൂബയിലെത്തിയിട്ടുണ്ട്.
മാര്‍ച്ച് മാസത്തിലായിരിക്കും സന്ദര്‍ശനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. കീരിയും പാമ്പുമായി കഴിഞ്ഞിരുന്ന അയല്‍ക്കാരെ അടുപ്പിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. അഞ്ചു ദശകത്തിനുശേഷം വ്യോമയാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനുള്ള കരാറില്‍ ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റാഉള്‍ കാസ്‌ട്രോയും കഴിഞ്ഞ ദിവസം ഒപ്പുവക്കുകയും ചെയ്തു.
ടൂറിസം, കച്ചവടം എന്നീ രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പ്രതിദിനം 110 വിമാന സര്‍വീസുകള്‍ തുടങ്ങും. പുതിയ തീരുമാനപ്രകാരം അമേരിക്കന്‍ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് ക്യൂബയിലേക്കുളള വിമാന ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുമെങ്കിലും വിനോദസഞ്ചാരത്തിനുള്ള പൂര്‍ണവിലക്ക് നീക്കിയിട്ടില്ല.
വിദ്യാഭ്യാസ ആവശ്യം, ക്യൂബന്‍അമേരിക്കന്‍ പൗരത്വം, വാര്‍ത്താ റിപ്പോര്‍ട്ടിങ് എന്നിവയില്‍ ഏതെങ്കിലുമുണ്ടെങ്കിലേ അമേരിക്കന്‍ പൗരന്മാര്‍ക്ക് ക്യൂബ സന്ദര്‍ശിക്കാനാവൂ.
അധികാരം കൈമാറും മുമ്പ് ക്യൂബയുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാന്‍ ഒബാമ സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.54 വര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂലൈയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല