സ്വന്തം ലേഖകന്‍: ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി. 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും കയറിയ വിമാനമാണ് തകര്‍ന്നുവീണത്. ക്യൂബന്‍ സര്‍ക്കാരിന്റെ ബോയിങ്737 വിമാനം ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം.
കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് വിമാനം തകര്‍ന്നുവീണത്. വീഴ്ചയ്ക്കിടെ തീപിടിച്ച് പൊട്ടിത്തെറിച്ച വിമാനത്തിന്റെ ഒരു ഭാഗം മരച്ചില്ലകളില്‍ തങ്ങിനില്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അപകടത്തില്‍ ഭൂരിഭാഗം പേരും മരിച്ചതായി ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് പറഞ്ഞു. തകര്‍ന്നയുടന്‍ പൊട്ടിത്തെറിച്ച വിമാനത്തിനു സമീപത്തേക്ക് നിരവധി അഗ്‌നിശമന വാഹനങ്ങള്‍ എത്തി. സാങ്കേതിക തകരാറുകള്‍ പതിവായതോടെ പഴക്കം ചെന്ന വിമാനങ്ങള്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ക്യുബാന വിമാനക്കമ്പനി സര്‍വീസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് മെക്‌സിക്കന്‍ കമ്പനിയില്‍നിന്ന് വാടകയ്‌ക്കെടുത്ത് പറത്തുന്ന വിമാനമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല