സ്വന്തം ലേഖകന്‍: സ്വവര്‍ഗ പ്രണയികളെ വേട്ടയാടുകയും ക്രൂരമായി ശിക്ഷിക്കുകയും ചെയ്ത ചരിത്രമുള്ള ക്യൂബയില്‍ സ്വവര്‍ഗ പ്രണയികളുടെ വമ്പന്‍ പ്രകടനം. ഒപ്പം സമരക്കാര്‍ക്ക് പിന്തുണയുമായി ലൈംഗിക വിദ്യാഭ്യാസത്തിനുള്ള കേന്ദ്രത്തിന്റെ ചുമതലക്കാരിയും പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയുടെ മകളുമായ മരിയേല കാസ്‌ട്രോ രംഗത്തെത്തുകയും ചെയ്തു.
റൗള്‍ കാസ്‌റ്റ്രോയുടെ ചരിത്ര പ്രധാനമായ വത്തികാന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് സ്വവര്‍ഗ പ്രണയികളുടെ പ്രകടനവും അതിന്‍ മരിയേല കാസ്‌ട്രോയുടെ പിന്തുണയുമെന്നത് ശ്രദ്ധേയമാണ്. ആയിരക്കണക്കിന് സ്വവര്‍ഗ പ്രണയികളും, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണ് ഹവാനയുടെ തെരുവുകളിലൂടെ പ്രകടനമായി നീങ്ങിയത്.
പ്രകടനത്തോട് അനുബന്ധിച്ച് ഇരുപത് സ്വര്‍വര്‍ഗ ദമ്പതിമാര്‍ ഒരുമിച്ചു ജീവിക്കാനുള്ള പ്രതിജ്ഞ എടുക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമെത്തി പ്രൊട്ടസ്റ്റന്റ് പുരോഹിതര്‍ ദമ്പതികളെ ആശീര്‍വദിക്കുകയും ചെയ്തു. സ്വവര്‍ഗ വിവാഹം ക്യൂബയില്‍ ഇപ്പോഴും നിയമവിരുദ്ധമാണ്.
സ്വവര്‍ഗ രതിക്കാരെ കര്‍ശനമായി അടിച്ചമര്‍ത്താറുള്ള ക്യൂബന്‍ ഭരണകൂടം വഴിമാറി ചിന്തിക്കുന്നു എന്നതിന്റെ സൂചനയാണ് മരിയേലയുടെ സ്വവര്‍ഗ പ്രണയികളോടുള്ള അനുകൂല മനോഭാവം എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. രാജ്യത്തെ പ്രധാന മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ് മരിയേല.
ലൈംഗിക തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ ജോലി സ്ഥലത്ത് ഒരാളെ വേര്‍ തിരിച്ചു നിര്‍ത്തുന്ന നിയമം കഴിഞ്ഞ വര്‍ഷമാണ് ക്യൂബയുടെ നിയമനിര്‍മ്മാണ സഭ പാസാക്കിയത്. ക്യൂബയുടെ അയല്‍ക്കാരായ മെക്‌സിക്കോ, അര്‍ജന്റീന, ഉറേഗ്വേ എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗ പ്രണയവും വിവാഹവും നിയമ വിധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല