ഒരാഴ്ച്ച നീണ്ട കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടിവില്‍ ബാള്‍ട്ടിമോറില്‍ വീണ്ടും സമാധാന അന്തരീക്ഷം തിരിച്ചെത്തി. ബാള്‍ട്ടിമോര്‍ നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യു മേയര്‍ നീക്കം ചെയ്തു. പ്രദേശത്തെ കലാപങ്ങളും പ്രതിഷേധങ്ങളും കെട്ടടങ്ങിയ സാഹചര്യത്തിലാണ് കര്‍ഫ്യു നീക്കം ചെയ്തത്. കര്‍ഫ്യൂ നീക്കിയതിന് പിന്നാലെ ബാള്‍ട്ടിമോറിലെ തെരുവുകളില്‍ തമ്പടിച്ചിരിക്കുകയായിരുന്ന നാഷ്ണല്‍ ഗാര്‍ഡ് ഘട്ടംഘട്ടമായി പിന്‍വലിഞ്ഞ് തുടങ്ങി. ഒരാഴ്ച്ചയായി അടച്ചിട്ടിരിക്കുകയായിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു തുടങ്ങി.
ബാള്‍ട്ടിമോറിലും പരിസര പ്രദേശങ്ങളിലുമായി 3000 നാഷ്ണല്‍ ഗാര്‍ഡ് അംഗങ്ങളെയും 1000 പൊലീസുകാരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു. ഇവരെയും വഹിച്ചുകൊണ്ടുള്ള വാനുകള്‍ ഞായറാഴ്ച്ച വൈകിട്ടോടെ നഗരംവിട്ട് പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു.
കറുത്ത വര്‍ഗക്കാരനായ ഫ്രഡ്ഡി ഗ്രേയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ കലാപങ്ങളിലേക്കും കൊള്ളയിലേക്കും വഴിതിരിഞ്ഞപ്പോളാണ് ബാള്‍ട്ടിമോര്‍ മേയര്‍ രാത്രി 10നും പുലര്‍ച്ചെ അഞ്ചിനും മധ്യേ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതലായിരുന്നു ബാള്‍ട്ടിമോറില്‍ കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നത്.
ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നഗരത്തിലെ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഫെയ്ത്ത് കമ്മ്യൂണിറ്റി സംഘടിപ്പിച്ച സമാധാന പ്രാര്‍ത്ഥനയില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല