1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ഹൂസ്റ്റണ്‍: ചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ തേടിയുളള അമേരിക്കയുടെ പര്യവേക്ഷണ വാഹനം ക്യൂരിയോസിറ്റിയില്‍ നിന്നുളള ആദ്യത്തെ ചിത്രങ്ങള്‍ നാസക്ക് ലഭിച്ചുതുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കന്‍ സമയം ഏകദേശം 6.14 ഓടെയാണ് ക്യൂരിയോസിറ്റി ചൊവ്വയിലെ ഗെയ്ല്‍ ഗര്‍ത്തത്തിലിറങ്ങിയത്. സുരക്ഷിതമായി ഇറങ്ങിയെന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ പതിനഞ്ച് മിനിട്ടിന് ശേഷം നാസയുടെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചു തുടങ്ങി. ചൊവ്വയുടെ ദക്ഷിണധ്രുവത്തില്‍ മധ്യരേഖയ്ക്ക് സമീപമാണ് ക്യൂരിയോസിറ്റി ലാന്‍ഡ് ചെയ്തിരിക്കുന്നത്. ആദ്യം മൂന്ന് ചിത്രങ്ങളാണ് നാസയിലേക്ക് അയച്ചിരിക്കുന്നത്.

ചൊവ്വാ ദൗത്യത്തിലെ അവസാന ഏഴ് മിനിട്ടുകള്‍ ശരിക്കും പരിഭ്രാന്തിയുടേത് ആയിരുന്നു. അതുകൊണ്ട് തന്നെ അവസാനത്തെ ഏഴ് മിനിട്ടുകളെ വിശദീകരിച്ച് നാസ സെവന്‍ മിനിട്‌സ് ഓഫ് ടെറര്‍ എന്ന ഒരു വീഡിയോ മാസങ്ങള്‍ക്ക് മുന്‍പോ പുറത്തിറക്കിയിരുന്നു. ചൊവ്വാദൗത്യത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ഈ വീഡിയോയ്ക്ക് സാധിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും ഈ വീഡിയോ കണ്ടത്.

ചൊവ്വാ ദൗത്യം വിജയിച്ചതിനെ തുടര്‍ന്ന് ആഹ്ലാദപ്രകടനം നടത്തുന്ന നാസയിലെ ശാസ്ത്രജ്ഞര്‍

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കുകയാണ് മാഴ്‌സ് സയന്‍സ് ലബോറട്ടറി എന്ന് ഔദ്യോഗിക നാമമുളള ക്യൂരിയോസിറ്റിയുടെ പ്രാഥമിക ലഷ്യം. അടുത്ത മാസം ആദ്യത്തോടെയെ ചൊവ്വയുടെ പ്രതലത്തിലൂടെ സഞ്ചരിച്ച് ക്യൂരിയോസിറ്റി ഗവേഷണം ആരംഭിക്കുകയുളളു. എന്നാല്‍ ഇറങ്ങിയസ്ഥലത്തുനിന്നുളള വിവരങ്ങള്‍ ആദ്യദിനം മുതല്‍ നല്‍കി തുടങ്ങു. സെപ്റ്റംബര്‍ പകുതിയോടെ ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ച് തുടങ്ങും. ഒക്ടോബറിലോ നവംബറിലോ പാറ തുരന്നുളള പരീക്ഷണങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്. നിലവില്‍ നേരത്തെ തയ്യാറാക്കി സൂക്ഷിച്ച കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ക്ക് അനുസരിച്ചാണ് ക്യൂരിയോസിറ്റി പ്രവര്‍ത്തിക്കുക.

വിവിധ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം ഭൂമിയില്‍ നിന്നുളള നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് വാഹനം പ്രവര്‍ത്തിച്ച് തുടങ്ങും. മലയും കുന്നുമൊക്കെ നേരത്തെ മനസ്സിലാക്കി ഒഴിഞ്ഞുമാറാനുളള സൗകര്യവും വാഹനത്തിലുണ്ട്. ഒരു ദിവസം പരമാവധി 200 മീറ്ററിനകത്തുളള ഗവേഷണമാകും നടത്തുക. 65 സെന്റിമീറ്റര്‍ വരെ ഉയരമുളള തടസ്സങ്ങള്‍ മറികടന്ന് പോകാനുളള സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കും ചൊവ്വായ്ക്കും ഇടയില്‍ വരുന്ന ദിവസങ്ങളില്‍ വാര്‍ത്താവിനിമയ ശ്യംഖല മുറിയുന്നതിനാല്‍ ആ ദിവസങ്ങളില്‍ ക്യൂരിയോസിറ്റി പ്രവര്‍ത്തിക്കില്ല.
യുഎസിലെ ഫഌറിഡയിലുളള കേപ് കനവറല്‍ വ്യോമതാവളത്തില്‍ നിന്ന് 2011 നവംബര്‍ 26നായിരുന്നു ക്യൂരിയോസിറ്റി വിക്ഷേപിച്ചത്. എട്ടരമാസത്തെ യാത്രയില്‍ 352 മില്യണ്‍ മൈല്‍ ദൂരമാണ് ക്യൂരിയോസിറ്റി താണ്ടിയത്. ഏകദേശം 13,750 കോടി രൂപയാണ് ചെലവ്. ഏകദേശം പത്തോളം അതിനൂതന നീരീക്ഷണ പരീക്ഷണ ഉപകരണങ്ങളാണ് ക്യൂരിയോസിറ്റിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ദൗത്യം വിജയകരമായാല്‍ പത്ത് വര്‍ഷത്തിനുളളില്‍ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനാകുമെന്നാണ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.