1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: യുഎഇയിലെ ഏതെങ്കിലും പ്രവേശന കേന്ദ്രത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ തങ്ങളുടെ കൈയിലുള്ള വിലയേറിയ കറന്‍സികള്‍, ലോഹങ്ങള്‍, രത്‌നങ്ങള്‍ എന്നിവ അധികൃതര്‍ മുൻപാകെ വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്. വിമാനത്താവളങ്ങള്‍ വഴിയോ തുറമുഖങ്ങള്‍ വഴിയോ എമിറേറ്റ്സിലേക്ക് വരികയോ പോവുകയോ ചെയ്യുന്ന യാത്രക്കാര്‍ 60,000 ദിര്‍ഹമിന് മുകളില്‍ മൂല്യമുള്ള കറന്‍സികള്‍, ആഭരണങ്ങള്‍ എന്നിവ വെളിപ്പെടുത്താതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണെന്നും ഔദ്യോഗിക വെബ്സൈറ്റ് വഴി മുന്നറിയിപ്പ് നല്‍കി. ഏകദേശം 13.68 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് ഈ തുക.

ഒരു യാത്രക്കാരന്‍, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, വെളിപ്പെടുത്താത്ത വസ്തുവകകളുടെ മൂല്യമനുസരിച്ച് തടവിനും പിഴയ്ക്കും വിധേയമായേക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി), അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ യുഎഇയില്‍ വരുന്നവരും പുറപ്പെടുന്നവരുമായ യാത്രക്കാര്‍ക്ക് പണം പ്രഖ്യാപിക്കുന്നതിന് ‘അഫ്സ’ എന്ന അത്യാധുനിക ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചിട്ടുണ്ട്.

അതേസമയം 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഓരോ കുടുംബാംഗത്തിനും 60,000 ദിര്‍ഹം വരെ മൂല്യമുള്ള കറന്‍സിയോ ആഭരണങ്ങളോ അധികൃതര്‍ മുൻപാകെ വെളിപ്പെടുത്താതെ കൊണ്ടുപോകാനും കൊണ്ടുവരാനും അവകാശമുണ്ട്. എന്നാല്‍ ഇതില്‍ കൂടുതലുള്ള തുക ‘അഫ്‌സ’ വഴിയോ രാജ്യത്തിന്റെ അതിര്‍ത്തി ക്രോസിംഗുകളില്‍ അംഗീകരിച്ച മറ്റ് സംവിധാനങ്ങള്‍ വഴിയോ വെളിപ്പെടുത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.

18 വയസ്സിന് താഴെയുള്ള യാത്രക്കാര്‍ കൊണ്ടുപോകുന്ന തുക കൂടെയുള്ള മുതര്‍ന്ന യാത്രക്കാരന്റേതിനോട് ചേര്‍ക്കും. അങ്ങനെ രണ്ടു പേരുടെയും കൈവശമുള്ളത് ഒരുമിച്ചു ചേര്‍ത്താല്‍ 60,000 ദിര്‍ഹം മൂല്യത്തില്‍ കൂടുതരുതെന്ന് നിര്‍ദേശവും നൽകിയിട്ടുണ്ട്. ഇതില്‍ കൂടുതലാകുന്ന പക്ഷം അക്കാര്യം അധികൃതര്‍ക്കു മുൻപാകെ വെളിപ്പെടുത്തണം.

അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി യാത്രക്കാരുടെയും അവരുടെ പണത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തന്റെ നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുമാണ് ഈ മുന്നറിയിപ്പെന്നും അധികൃതര്‍ അറിയിച്ചു. ഒരു യാത്രക്കാരന്‍ 60,000 ദിര്‍ഹമില്‍ കൂടുതല്‍ മൂല്യമുള്ള പണമോ ആഭരണങ്ങളോ മറ്റ് വിലപ്പെട്ട വസ്തുക്കളോ വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടാല്‍ മൂന്നു മാസം വരെ തടവും അര ലക്ഷം ദിര്‍ഹമില്‍ കുറയാത്ത പിഴയുമാണ് യുഎഇ നിയമം അനുശാസിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.