സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം, ചൊവ്വാഴ്ച മുതല്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി. നോട്ട് അസാധുവാക്കല്‍ കച്ചവടത്തെ ബാധിച്ചതിനാലാണ് സമരം. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വലിയ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്ത് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
20, 50, 100 നോട്ടുകള്‍ കൂടുതലായി ലഭ്യമാക്കിയില്ലെങ്കില്‍ വ്യാപാരികളുടെ സ്ഥിതി പ്രതിസന്ധിയിലാകും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം നേരത്തെ നടന്നിരുന്നതിന്റെ പത്ത് ശതമാനം മാത്രമാണ് കച്ചവടം നടക്കുന്നതെന്നും ജോബി വി. ചുങ്കത്ത് കൂട്ടിച്ചേര്‍ത്തു. നിലവില്‍ കറന്‍സിക്കായി നെട്ടോട്ടമോടുന്ന ജനം കടയടപ്പു സമരം കൂടി തുടങ്ങിയാല്‍ വലയുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല