സ്വന്തം ലേഖകൻ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം.
നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ സെമസ്റ്റർ പരീക്ഷ എഴുതാം. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല. നേരത്തെ എംജി സർവകലാശാല വിദ്യാർത്ഥികൾക്ക് പ്രസവാവധി അനുവദിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നത്.
ഇതോടെ കേരളത്തിലാദ്യമായി ആർത്തവ അവധി അനുവദിക്കുന്ന സർവകലാശാല എന്ന പദവി നേടി ചരിത്രമാവുകയാണ് കുസാറ്റ്. ബിഹാറായിരുന്നു ഇതിന് മുൻപ് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതേ തുടർന്ന് ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും ആര്‍ത്തവ അവധി ആവശ്യപ്പെടുകയും ചെയ്ത് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.
വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നായിരുന്നു ഹരജി. ആർത്തവ സമയത്ത് ഒരു സ്ത്രീ കടന്ന് പോകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എ.ആർ.സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല