സ്വന്തം ലേഖകൻ: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് പേര്‍ മരിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.
സിവിൽ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മൽ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്പിൽ വീട്ടിൽ ആൽബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. ആൽബിൻ സുഹൃത്തുക്കൾക്കൊപ്പം സംഗീതപരിപാടി കാണാൻപോയതാകാമെന്നാണ് കരുതുന്നത്.
49 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണ്. ഇവർ ആസ്റ്റർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. തമ്പിയാണ് അതുലിന്റെ അച്ഛൻ. അമ്മ: ലില്ലി വട്ടപ്പറമ്പിൽ പെരിയപ്പുറം (റിട്ട. ഉദ്യോഗസ്ഥ പൊതുമരാമത്ത് വകുപ്പ്). സഹോദരൻ: അജിൻ തമ്പി.
ചവിട്ടുനാടക ആശാൻ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെയും സിന്ധുവിന്റെയും മകളാണ് ആൻ റിഫ്റ്റ. സഹോദരൻ: റിഥുൽ. കോരങ്ങാട് തൂവക്കുന്നുമ്മൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെയും കൊച്ചുറാണിയുടെയും മകളാണ് സാറാ തോമസ്. സഹോദരങ്ങൾ: സൂസൺ, സാനിയ. ആൽബിൻ ഇലക്‌ട്രീഷ്യനാണ്. അച്ഛൻ: ജോസഫ്. അമ്മ: മേഴ്സി. സഹോദരങ്ങൾ: ബ്ലെസി, ജിബിൻസ്.
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയായിരുന്നു അപകടം. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ഗാനമേളയ്ക്കിടെയായിരുന്നു അപകടം. ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.
“കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ തിക്കിത്തിരക്കി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു,” ദൃക്സാക്ഷികൾ പറയുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കുസാറ്റ് കാംപസിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളാണ് പൊതുദർശനത്തിനായി കുസാറ്റ് കാംപസിൽ എത്തിച്ചത്. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ആൻ റുഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാരം. മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം പറവൂർ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും.
സാറയുടെ സംസ്കാരം തിങ്കളാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ചായിരിക്കും സംസ്കാരം. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും.
കുസാറ്റിലെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.
കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 16 പേരെ നിലവിൽ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്ക് ഏറ്റവും വിദഗ്ദമായ ചികിത്സ ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല