സ്വന്തം ലേഖകൻ: കുസാറ്റ് ദുരന്തത്തില്‍ മരിച്ച താമരശേരി സ്വദേശി സാറാ തോമസിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ താമരശേരി തൂവ്വക്കുന്നിലെ വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 10.30ന് പുതുപ്പാടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം.
ഞായറാഴ്ച വൈകുന്നേരം മൂന്നരയ്ക്ക് താമരശേരി അല്‍ഫോന്‍സ സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹം ഒരു നോക്കുകാണാന്‍ സാറയുടെ സാഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനു പേരാണ് എത്തിച്ചേര്‍ന്നത്.
മുഖ്യമന്ത്രി, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണ ജോർജ് തുടങ്ങിയവരും ഞായറാഴ്ച അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
പഠനത്തിലും കലാരംഗത്തുമെല്ലാം മിടുക്കിയായിരുന്ന മകളില്‍ വലിയ പ്രതീക്ഷയിലായിരുന്നു സാറയുടെ മാതാപിതാക്കളും സഹോദിമാരും. കളിചിരികളുമായി മകളെത്തുന്നത് കാത്തിരിക്കുമ്പോഴാണു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തവാര്‍ത്തയെത്തിയത്.
നാടിനു നഷ്ടമായത് ഒരു വിദ്യാര്ഥിപ്രതിഭയെയാണ്. താമരശേരി അല്‍ഫോന്‍സാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ സാറ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സമർഥയായിരുന്നു. സ്കൂളിലെ ആഘോഷ പരിപാടികളിലെല്ലാം നിറഞ്ഞുനിന്ന സാറ മികച്ച സംഘാടകവൈഭവമുള്ള വിദ്യാര്ഥിനികൂടിയായിരുന്നു.
നൃത്തം, ചിത്രകല, സംഗീതം എന്നിവയിലെല്ലാം കഴിവു തെളിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ്വരെ അല്‍ഫോന്‍സ സ്കൂളിൽ പഠിച്ച സാറ, 2022-ല്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി കുസാറ്റില്‍ ബിടെക് ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷന്‍സ് എടുത്ത് പഠിക്കുകയായിരുന്നു.
കഴിഞ്ഞ പൂജാ അവധിക്കാണ് അവസാനമായി വീട്ടിലെത്തിയത്. അന്ന് താന്‍ പഠിച്ച സ്കൂളിലും സഹപാഠികളുടെ വീടുകളിലുമെത്തി സ്നേഹം പങ്കിട്ടാണു സാറ മടങ്ങിയത്.
അതേസമയം, അപകടത്തിൽ മരിച്ച പറവൂർ സ്വദേശി ആൻ റിഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്. വിദേശത്തുള്ള അമ്മ ചൊവ്വാഴ്ച പുലർച്ചെ നാട്ടിലെത്തും.
പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം പറവൂർ കുറുമ്പത്തുരുത്തിലെ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച 11 മണിവരെ വീട്ടിൽ പൊതുദർശനം. ഒരു മണിയോടെ കുറുമ്പത്തുരുത്ത് സെന്റ് ജോസഫ് പള്ളിയിലാണ് സംസ്കാരം.
കുസാറ്റ് അപകടത്തിൽ 25 വിദ്യാർത്ഥികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ചികത്സയിലുള്ളത് 18 പേർ. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ ഉള്ളത്.
ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തിൽ സാങ്കേതിക പരിശോധന നടത്തിയത്.
പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല