സ്വന്തം ലേഖകൻ: മനുഷ്യക്കടത്ത് നടത്തി ഇരകളെ വിദേശത്തെത്തിച്ച് സൈബര്‍ തട്ടിപ്പിന് നിയോഗിക്കുന്ന സംഘത്തിന്റെ തലവനെ സാഹസികമായി പിടികൂടി ഡല്‍ഹി പോലീസ്. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് 2500 കിലോമീറ്ററോളം പിന്തുടര്‍ന്ന പോലീസ് ഹൈദരാബാദില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സൈദി എന്നറിയപ്പെടുന്ന കംറാന്‍ ഹൈദര്‍ എന്ന ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പോലീസ് വാഗ്ദാനം ചെയ്തിരുന്നു.
തായ്‌ലന്‍ഡ്, ലാവോസ്, മ്യാന്‍മര്‍ എന്നിവടങ്ങളിലേക്കാണ് മനുഷ്യക്കടത്തിന് ഇരയാകുന്നവരെ എത്തിച്ചിരുന്നത്. തുടര്‍ന്ന് ഇവരെ ചൈനീസ് സ്ഥാപനങ്ങള്‍ക്കുവേണ്ടി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കും.ഇയാള്‍ ഓരോ സ്ഥലത്തും മാറിമാറി ഒളിവില്‍ തുടരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെല്ലാം പ്രതിയെ പിന്തുടര്‍ന്ന പോലീസ് ഒടുവില്‍ ഹൈദരാബാദില്‍നിന്നാണ് ഇയാളെ പിടികൂടിയത്.വിദേശ രാജ്യത്ത് എത്തിയ ഉടന്‍ ഇരകളുടെ പാസ്പാര്‍ട്ട് കൈക്കലാക്കി അവരെ സൈബര്‍ തട്ടിപ്പ് നടത്താന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു ഇയാളുടെ സംഘത്തിന്റെ രീതി.
മെയ് 27-ന് നരേഷ് ലഖ്വത് എന്നയാള്‍ നല്‍കിയ പരാതിയിലാണ് ആദ്യ കേസെടുക്കുന്നത്. അലി ഇന്റര്‍നേഷന്‍ സര്‍വീസ് എന്ന സ്ഥാപനത്തിലൂടെ തായ്‌ലന്‍ഡില്‍ ജോലി വാഗ്ദാനം ലഭിച്ച ലഖ്‌വത് വിദേശത്ത് എത്തിയതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായത്. തായ്‌ലന്‍ഡിത്തിയ ഉടന്‍ പാസ്പോര്‍ട്ട് കൈക്കലാക്കിയ സംഘം യുവാവിനെ ചൈനീസ് സ്ഥാപനത്തിനായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാക്കി.
ഓണ്‍ലൈനിലൂടെ പണം തട്ടിപ്പ് നടത്തുന്ന ചൈനീസ് സ്ഥാപനത്തിലേക്കാണ് ഇയാളെ റിക്രൂട്ട് ചെയ്തത്. മനുഷ്യക്കടത്തിന് ഇരയാകുന്നവരെ ഇന്ത്യന്‍, അമേരിക്കന്‍, യൂറോപ്യന്‍ വംശജരെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ കരുക്കളാക്കി തട്ടിപ്പു നടത്തുകയാണ് സംഘം ചെയ്തിരുന്നത്.ഗുഡു എന്നറിയപ്പെടുന്ന മന്‍സൂര്‍ ആലം, അഖില്‍ എന്നറിയപ്പെടുന്ന ആഷിഷ്, അഫ്സല്‍ എന്നറിയപ്പെടുന്ന പവന്‍ യാദവ് എന്നിവരാണ് സംഘത്തലവനായ സൈദിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല