1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2024

സ്വന്തം ലേഖകൻ: രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന സൈബർ തട്ടിപ്പുകളുടെ എണ്ണം ഓരോ ദിവസവും വർധിച്ചു വരികയാണ്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ സമാഹരിച്ച കണക്കുകൾ പ്രകാരം, 2024ലെ ആദ്യ ഒൻപതു മാസത്തിനിടെ രാജ്യത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് ഏകദേശം 11,333 കോടി രൂപയാണ്.

ഓഹരി വ്യാപാര തട്ടിപ്പിലൂടെയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പണം നഷ്ടമായത്. 4,636 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് 2,28,094 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇൻവസ്റ്റ്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 3,216 കോടി രൂപയും, “ഡിജിറ്റൽ അറസ്റ്റു”കളിലൂടെ 1,616 കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്.

സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട്, 12 ലക്ഷം പരാതികൾ ഈ വർഷം ഉണ്ടായതായി സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്‌മെൻ്റ് സിസ്റ്റം സൂചിപ്പിക്കുന്നു. ഇതിൽ 45 ശതമാനം പരാതികളും കംബോഡിയ, മ്യാൻമർ, ലാവോസ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളതാണ്. 2021 മുതൽ, 30.05 ലക്ഷം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 27,914 കോടി രൂപ ഈ കാലയളവിൽ നഷ്ടപ്പെട്ടു. 11,31,221 പരാതികൾ 2023ലും, 5,14,741 പരാതികൾ 2022ലും, 1,35,242 പരാതികൾ 2021ലും രജിസ്റ്റർ ചെയ്തിട്ടുള്ളവയാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ‘മൻ കി ബാത്ത്’ പരിപാടിയുടെ 115-ാം പതിപ്പിൽ “ഡിജിറ്റൽ അറസ്റ്റ്” തട്ടിപ്പുകളെക്കുറിച്ച് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ അറസ്റ്റ് പോലെയുള്ള ഒരു സംവിധാനവും നിയമത്തിൽ ഇല്ലെന്നും, ഇത് ഒരു തട്ടിപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ശത്രുക്കളായ ഒരു സംഘം ക്രിമിനലുകളാണ് ഇതിന് പിന്നിലെന്നും മോദി ഓർമ്മിപ്പിച്ചു.

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പ് നേരിടാൻ വിവിധ അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. ഈ ഏജൻസികൾക്കിടയിൽ ഏകോപനം സാധ്യമാകാൻ നാഷണൽ സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ളവർ പൊലീസ്, സിബിഐ, ആർബിഐ അല്ലെങ്കിൽ നാർക്കോട്ടിക് ഉദ്യോഗസ്ഥർ എന്ന വ്യാജേനയാണ് ഫോൺ ചെയ്യുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇത്തരം സംഘങ്ങൾ തട്ടിപ്പ് നടത്തുന്നത്. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ളവരും ഡിജിറ്റൽ അറസ്റ്റിന്റെ ഇരകൾ ആയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.