സ്വന്തം ലേഖകന്‍: ഇദായ് ചുഴലിക്കാറ്റ് മൊസാംബിക്കിലും സിംബാബ്വെയിലുമായി 1500 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്; 26 ലക്ഷത്തോളം ജനങ്ങള്‍ തീരാദുരിതത്തില്‍; വീഡിയോ കാണാം. ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ‘ദ ഗാര്ഡിയന്’ പത്രം പുറത്ത് വിട്ടിട്ടുണ്ട്.
മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെന്നാണ് കണക്കുകള്‍ പറയുന്നതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തി അനുസരിച്ച് മരണ സംഖ്യ ഉയരുമെന്ന് മൊസാംബിക്ക് പ്രസിഡന്റ് ഫിലിപി ന്യുസി വ്യക്തമാക്കി. നദികളിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതും താന്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
മൊസാംബിക്ക്, സിംബാബ്വെ അതിര്‍ത്തി പ്രദേശങ്ങളിലാണ് 170 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയത്. ചുഴലിക്കാറ്റിനോടൊപ്പം കനത്ത മഴ ഉണ്ടായത് വെള്ളപ്പൊക്കത്തിന് കാരണമായി. മഴയിലും കാറ്റിലും റോഡുകളും വീടുകളും പാലങ്ങളും ഒലിച്ചുപോയി. വൈദ്യുതി, വാര്‍ത്താവിതരണ സംവിധാനങ്ങള്‍ എന്നിവ തകരാറിലായി. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റില്‍ മൊസാംബിക് മേഖലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ആരംഭിച്ചു.
26 ലക്ഷത്തോളം പേരെ ഇതിനോടകം ഇദായ് ചുഴലിക്കാറ്റ് ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയും സര്‍ക്കാരും വിലയിരുത്തുന്നു. കാറ്റും ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനം ശ്രമകരമാക്കിയിരിക്കുകയാണ്. സിംബാബ്വെന് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നുണ്ട്. പ്രകൃതി ദുരന്തം വിതച്ച മേഖലകളില്‍ രക്ഷാ സംഘം എത്തിയാല്‍ മാത്രമേ നാശം വ്യക്തമാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല