സ്വന്തം ലേഖകൻ: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്.. വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 190 കിലോ മീറ്റര്‍ വടക്ക്, വടക്ക്പടിഞ്ഞാറും ഗോവയിലെ പാനജിം തീരത്ത് നിന്ന് 330 കിലോ മീറ്റര്‍ തെക്കു-തെക്കു പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 6 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുകയും അതിനു ശേഷമുള്ള 12 മണിക്കൂറിനുള്ളിൽ അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
അതിശക്ത ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 ഉച്ചക്ക്/വൈകുന്നേരത്തോടു കൂടി ഗുജറാത്തിലെ പോർബന്ദർ, നലിയ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കനത്ത മഴയെത്തുടര്‍ന്ന് മണിമല, അച്ചന്‍കോവിലാര്‍ നദികളില്‍ പ്രളയ സാധ്യത മുന്നറിയിപ്പുമുണ്ട്. കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നല്‍കിയത്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.
ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കനത്ത മഴയും കാറ്റും തുടരുന്നതിനാൽ ജില്ലയിൽ ഇന്ന് വൈകിട്ട് 7 മുതൽ നാളെ രാവിലെ 7 വരെ യാത്രാ നിരോധനം ഏർപ്പെടുത്തി. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മൂന്നാര്‍-വട്ടവട റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. അടിമാലി-മൂന്നാര്‍ റോഡില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഇവിടെ പൊലീസ് വാഹനങ്ങൾ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല