1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2022

സ്വന്തം ലേഖകൻ: പ്രമുഖ വ്യവസായിയും ടാറ്റ സൺസിന്റെ മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ ഞായറാഴ്ച വൈകിട്ട് മിസ്ത്രി സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അഹമ്മദാബാദിൽനിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാർ പൂർണമായും തകർന്നു. മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാർ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്കേറ്റു. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.

രത്തൻ ടാറ്റ വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. 2016ലാണ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുനിന്നു നീക്കാൻ ടാറ്റ സൺസിന്റെ ബോർഡ് തീരുമാനിച്ചത്. തുടർന്ന് കമ്പനിയുടെ നടത്തിപ്പിൽ കെടുകാര്യസ്ഥതയും മറ്റും ആരോപിച്ച് എസ്പി ഗ്രൂപ്പ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചു. പരാതി ട്രൈബ്യൂണൽ തള്ളി, മിസ്ത്രിക്കു പകരം എൻ.ചന്ദ്രശേഖരനെ ചെയർമാനാക്കിയ നടപടി ശരിവച്ചു.

അതിനെതിരെ മിസ്ത്രിയും എസ്പി ഗ്രൂപ്പും എൻസിഎൽഎടിയെ സമീപിച്ചു. 2019 ഡിസംബർ 18ന് അപ്പീൽ അനുവദിച്ച എൻസിഎൽഎടി, മിസ്ത്രിയെ ചെയർമാൻ സ്ഥാനത്തുവീണ്ടും നിയമിച്ചു. ഇതിനെതിരെ ടാറ്റ സൺസ് നൽകിയ അപ്പീലിൽ സൈറസ് മിസ്ത്രിയെ വീണ്ടും നിയമിച്ച എൻസിഎൽഎടി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്നു മിസ്ത്രിയെ പുറത്താക്കാൻ ടാറ്റ കുടുംബം നടത്തിയ നാടകീയനീക്കം വ്യവസായ ലോകത്തെത്തന്നെ ഞെട്ടിച്ചിരുന്നു.

സൈറസ് മിസ്ത്രിയുടെ അപകട മരണത്തിന് കാരണം വാഹനത്തിന്റെ അമിതവേഗതയും വാഹനമോടിച്ചയാളുടെ അശ്രദ്ധയുമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് കൂടിയായ അനഹിത പാണ്ഡോളയായിരുന്നു വാഹനമോടിച്ചത്. മോട്ടോർ വാഹന വകുപ്പിലെയും പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. സൈറസ് മിസ്ത്രിയുടെ മൃതദേഹം പാൽഘറിൽനിന്ന് മുംബൈയിൽ എത്തിച്ചു.

അമിത വേഗതയിലായിരുന്ന ആഡംബരക്കാർ തെറ്റായ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചു. ഇതാണ് അപകടത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. എങ്കിലും എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണം നടത്തും. അപകടത്തിന് കൃത്യമായ ദൃക്സാക്ഷികൾ ഇല്ലാത്തത് തുടക്കത്തിൽ പൊലീസ് അന്വേഷണത്തിന് തടസ്സമാണ്.

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേരിൽനിന്നും ലഭിക്കുന്ന മൊഴിയാണ് ഇനി നിർണായകം. ഇവരുടെ താടിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. സൈറസ് മിസ്ത്രി വാഹനത്തിന്റെ പുറകിലെ സീറ്റിൽനിന്ന് തെറിച്ചുവീണുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളോട് പൊലീസ് പ്രതികരിച്ചിട്ടില്ല.

സൈറസ് മിസ്ത്രിയുടെ സുഹൃത്തും വ്യവസായിയുമായ ജെഹാൻഗിർ പാണ്ഡോളയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുംബൈയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് കൂടിയായ അനഹിത പാണ്ഡോളയാണ് വാഹനമോടിച്ചത്. ഇവരുടെ ഭർത്താവും ജെഹാൻഗിർ പാണ്ഡോളയുടെ സഹോദരനുമായ ഡാരിയസ് പാണ്ഡോളയുമാണ് ഗുരുതര പരുക്കേറ്റ് ചികിൽസയിലുള്ളത്. ഇവർ മുൻ സീറ്റിലാണ് ഇരുന്നത്, സീറ്റ് ബെൽറ്റും ധരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.