‘
അഞ്ച് സംവിധായകര്‍. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച് സിനിമകള്‍. എല്ലാം ഒന്നുചേരുമ്പോള്‍ ‘ഡി കമ്പനി’യാകും. മലയാളസിനിമയിലെ ആക്ഷന്‍ സംവിധായകര്‍ ഒരുമിക്കുകയാണ് കേരള കഫേ മാതൃകയില്‍ ഒരുങ്ങുന്ന ‘ഡി കമ്പനി’യിലൂടെ. ജോഷി, ഷാജി കൈലാസ്, പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവരാണ് സിനിമകളൊരുക്കുന്നത്.
ഡി കമ്പനി സിനിമാക്കൂട്ടത്തിലെ ആദ്യ സിനിമ ‘ഒരു ബൊളീവിയന്‍ ഡയറി 1995’ ന്റെ ചിത്രീകരണം കഴിഞ്ഞയാഴ്ച വയനാട്ടിലെ മുത്തങ്ങക്കാടുകളില്‍ പൂര്‍ത്തിയായി. പത്മകുമാറാണ് സംവിധായകന്‍. കേരള പോലീസിലെ ഒരു ഡി.വൈ.എസ്.പി.യുടെ സര്‍വീസ് സ്‌റ്റോറിയിലെ ചില ഭാഗങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് തിരക്കഥാകൃത്ത് ജി.എസ്. അനില്‍. സമുദ്രക്കനി, ആസിഫ് അലി, അനന്യ, വിജയന്‍ വി. നായര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. ‘ആടുകളം’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ്‌നടന്‍ നരനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ദീപന്‍ സംവിധാനം ചെയ്യുന്ന ‘ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍’ എന്ന സിനിമയാണ് ഡി കമ്പനിയില്‍ അടുത്തതായി ഒരുങ്ങുന്നത്. ജയസൂര്യ, അനൂപ് മേനോന്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്തില്‍ നടക്കും.
ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം, ഷാജി കൈലാസിന്റെ ദിലീപ് ചിത്രം, വിനോദ് വിജയന്റെ പൃഥ്വിരാജ് ചിത്രം എന്നിവയുടെ ഷൂട്ടിങും നടക്കാനുണ്ട്. എല്ലാസിനിമകളും ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയായാല്‍ ഡി കമ്പനി ക്രിസ്മസിന് തിയേറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല