1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 4, 2016

സ്വന്തം ലേഖകന്‍: ക്രിസ്തുവിനെ വരച്ചത് സാധാരണ മനുഷ്യനായി, അവസാനത്തെ അത്താഴത്തില്‍ ലിയനാര്‍ഡോ ഡാവിഞ്ചി ഒളിപ്പിച്ച രഹസ്യം പുറത്ത്. യേശു ക്രിസ്തുവിനെ വെറും സാധാരണ മനുഷ്യനായിട്ടാണ് വിഖ്യാത ചിത്രകാരന്‍ ലിയനാര്‍ഡോ ഡാവിഞ്ചി കരുതിയിരുന്നതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.

വിഖ്യാത പെയ്ന്റിംഗില്‍ ഡാവിഞ്ചി വിദഗ്ദ്ധമായി ഒളിപ്പിച്ചിരുന്ന സന്ദേശം ഇതു തന്നെയാണെന്ന് പറയുന്നത് ചരിത്ര ഗവേഷകനായ ഗവേ മരിയോ ടെഡി നടത്തിയ പഠനത്തിലാണ്. ഡാവിഞ്ചിയുടെ ഈ ചിത്രത്തില്‍ 15 വര്‍ഷമായി പഠനം നടത്തുന്ന വ്യക്തിയാണ് മരിയോ. മഗ്ദലന മറിയവുമായി ബന്ധപ്പെട്ട തീയറികള്‍ക്ക് പിന്നാലെ ഡാവിഞ്ചി കോഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലാണിത്.

അന്ത്യ അത്താഴത്തിലെ മറ്റു ചിത്രങ്ങളിലെല്ലാം 13 പേരെയും വിശുദ്ധരായും ദിവ്യന്മാരായും അവതരിപ്പിക്കുമ്പോള്‍ ഡാവിഞ്ചി തന്റെ ചിത്രത്തില്‍ എല്ലാവരും സാധാരണ മനുഷ്യര്‍ ആണെന്നും ക്രിസ്തു ഉള്‍പ്പെടെയുള്ളവര്‍ മരണമുള്ളവരാണെന്നും കരുതിയിരുന്നെന്നുമാണ് കണ്ടെത്തല്‍.

അന്ത്യ അത്താഴവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള ചിത്രം ഡാവിഞ്ചിയുടേതാണ്. 15 ആം നൂറ്റാണ്ടിലെ ഈ ചിത്രത്തിന് മുമ്പും പിമ്പും ഈ ആശയത്തില്‍ അനേകം പെയ്ന്റിംഗ് ഉണ്ടായിട്ടുണ്ട്. ഇവയിലെല്ലാം 13 പേര്‍ക്കും ദിവ്യ വലയം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഡാവിഞ്ചി മാത്രം അതില്ലാതെയാണ് ചിത്രം ചെയ്തതെന്നാണ് തീയറിക്ക് നല്‍കിയിരിക്കുന്ന ന്യായീകരണം.

ഡാവിഞ്ചിക്ക് മുമ്പ് വരച്ച അന്ത്യ അത്താഴ ചിത്രങ്ങളിലെല്ലാം ക്രിസ്തുവിന് തലക്കു ചുറ്റും പ്രകാശവലയം നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്റെ ചിത്രത്തില്‍ യേശുക്രിസ്തുവിന് പോലും ഇത് നല്‍കാന്‍ കൂട്ടാക്കാതിരുന്ന ഡാവിഞ്ചി ക്രിസ്തു കേവലം മരണമുള്ള മനുഷ്യനാണെന്ന തന്റെ ആശയം കൃത്യമായി ഒളിപ്പിക്കുകയായിരുന്നെന്ന് മരിയോ പറയുന്നു.

ഡാവിഞ്ചിയുടെ ഈ ചിത്രം മുമ്പും വിവാദമായിട്ടുണ്ട്. യേശുവിനും മഗ്ദലന മറിയത്തിനും ബന്ധം ആരോപിക്കപ്പെട്ട് ഡാവിഞ്ചികോഡ്, ഹോളി ഗ്രെയ്ല്‍ എന്ന ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങള്‍ക്ക് പശ്ചാത്തലമായതും അന്ത്യ അത്താഴം ചിത്രവുമായി ബന്ധപ്പെട്ട പഠനങ്ങളായിരുന്നു. ചിത്രത്തിലെ ശിഷ്യന്മാരില്‍ യേശുവിന്റെ വലതുഭാഗത്ത് ഇരിക്കുന്നത് ജോണ്‍ അല്ലെന്നും അത് മഗ്ദലന മറിയം ആണെന്നുമുള്ള കണ്ടെത്തലായിരുന്നു പുസ്തകങ്ങള്‍ക്ക് ആധാരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.