അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനൊപ്പം ഒരിക്കല്‍ അത്താഴവിരുന്നില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബോളിവുഡ് താരം സഞ്ജയ് ദത്ത്. അതേസമയം, 1993 മുംബൈ സ്ഫോടനക്കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നടന് പറഞ്ഞു.
ദാവൂദും സഞ്ജയും സുഹൃത്തുക്കളാണോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു മറുപടിയായി നടന്റെ അഭിഭാഷകന് ഹാരിഷ് സാല്‍വെയാണ് ഇക്കാര്യം അറിയിച്ചത്. 1993 മുംബൈ സ്ഫോടനക്കേസിലെ വിധിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സാല്‍വെയോട് സുപ്രീംകോടതി ഇക്കാര്യം ചോദിച്ചത്.
ദുബായിയില്‍ ദാവൂദ് ഇബ്രാഹിമിനൊപ്പം ഒരു തവണ സഞ്ജയ് ദത്ത് അത്താഴം കഴിച്ചിട്ടുണ്ടെന്ന് ഹാരിഷ് സാല്‍വെ കോടതിയെ അറിയിച്ചു. എന്നാല്‍ ഇരുവരും സുഹൃത്തുക്കളല്ല. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടുള്ള പരിചയം മാത്രമാണ് ഇരുവര്‍ക്കുമിടയില്‍ ഉള്ളത്. മുംബൈ സ്ഫോടനത്തില്‍ സഞ്ജയ് ദത്തിനു യാതൊരു പങ്കുമില്ല.
ബാബ്റി മസ്ജിത്ത് തകര്‍ത്തതിനു ശേഷം സഞ്ജയ് ദത്തിന്റെ കുടുംബത്തിനു ഭീഷണിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു മൂന്നു റൈഫിളുകള്‍ കൈവശം വച്ചത്. ദത്തിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയിട്ടില്ല. സ്ഫോടനം നടക്കുന്നതിനു മുന്‍പു തന്നെ ദത്തിനു സ്വന്തമായി പിസ്റ്റള്‍ ഉണ്ടായിരുന്നുവെന്നും സാല്‍വെ വാദിച്ചു.
ഹര്‍ജിയിലെ വിചാരണ വ്യാഴാഴ്ച തുടരും. സ്ഫോടനവുമായി ബന്ധപ്പെട്ട് ആയുധം കൈവശം വച്ച കേസില്‍ ടാഡാ കോടതി ദത്തിനെ ആറു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണു സുപ്രീംകോടതിയെ സമീപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല