സ്വന്തം ലേഖകന്‍: ദലൈലാമക്ക് യുഎസ് സര്‍വകലാശാലയുടെ ക്ഷണം, യുഎസില്‍ ചൈനീസ് വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. അധ്യയനവര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങില്‍ തിബത്തന്‍ ആത്മീയ നേതാവ് ദലൈ ലാമയെ ക്ഷണിക്കാനുള്ള കാലിഫോര്‍ണിയയിലെ സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെയാണ് ചൈനീസ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയത്. സാന്‍ ഡീഗോ സര്‍വകലാശാലയാണ് ചടങ്ങില്‍ സംസാരിക്കാന്‍ ദലൈലാമയെ ക്ഷണിച്ചത്.
‘ആഗോള ഉത്തരവാദിത്തവും മനുഷ്യസമൂഹത്തിനുള്ള സേവനവും’ എന്ന ദലൈലാമയുടെ ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്ന് സര്‍വകലാശാലാ അധികൃതര്‍ വാദിക്കുന്നു. എന്നാല്‍, ദലൈലാമയെ ക്ഷണിച്ചതിലൂടെ തങ്ങളെ അപമാനിച്ചുവെന്നാണ് ചൈനീസ് വിദ്യാര്‍ഥികളുടെയും അധ്യാപക സംഘടനയുടേയും മറ്റു സംഘടനകളുടെയും വാദം. എന്നാല്‍, തങ്ങളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു.
നേരത്തെ ദലൈലാമയുടെ അമേരിക്കന്‍ സര്‍വകലാശാല സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി ചൈനയും രംഗത്തെത്തിയിരുന്നു. ഇന്ത്യ അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിടവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ജൂണിലാണ് ദലൈ ലാമയുടെ വിവാദ സന്ദര്‍ശനം. സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന്, ഇന്ത്യക്കാരനായ ചാന്‍സിലര്‍ പ്രദീപ് ഖോസ്‌ലയുടെ ക്ഷണപ്രകാരമാണ് ദലൈ ലാമ പോകുന്നത്.
ചൈനഇന്ത്യ, ചൈനഅമേരിക്ക ബന്ധങ്ങള്‍ വഷളാക്കാനാണ് പ്രദീപ് ഖോസ്‌ല ശ്രമിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് വിമര്‍ശിക്കുന്നു.ഏതാനും വര്‍ഷങ്ങളായി ദലൈ ലാമയ്ക്ക് സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നത് ഇന്ത്യയാണെന്നും ചൈന ആരോപിക്കുന്നു. ദലൈ ലാമയെ ഉപയോഗിച്ച് ചൈനയുടെ ആഭ്യന്തര വിഷയങ്ങളില്‍ തലയിടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു.
തിബത്തന്‍ സ്വയംഭരണത്തിനായി അവകാശമുന്നയിക്കുന്ന ദലൈ ലാമയെ വിഘടനവാദിയായാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കരുതുന്നത്. ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന ദലൈ ലാമയെ ആട്ടിന്‍തോലിട്ട ചെന്നായ എന്നാണ് ചൈന വിശേഷിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല