1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2012

ഭരണത്തില്‍ കയറിയ നാള്‍ മുതല്‍ യൂറോപ്പിന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരുടെ മേല്‍ കുതിര കയറാന്‍ തുടങ്ങിയതാണ് കൂട്ടുകക്ഷി സര്‍ക്കാര്‍. .നടപടികള്‍ പലതും എടുത്തിട്ടും കുടിയേറ്റം കൂടുന്നതല്ലാതെ കുറയുന്നുമില്ല.ഏറ്റവും ഒടുവില്‍ 2010 ലെ കണക്കുകള്‍ വന്നപ്പോള്‍ നെറ്റ് മൈഗ്രേഷന്‍ കൂടിക്കൂടി 252000 എന്ന നിരക്കിലെത്തി.ഈ എണ്ണം കൂടലിന്റെ യഥാര്‍ത്ഥ കാരണം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തള്ളിക്കയറ്റമാണെന്ന് അറിഞ്ഞിട്ടും കണ്ണടച്ച് ഇരുട്ടാക്കി വീണ്ടും യൂറോപ്പിന് പുറത്തു നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.ഇത് സംബന്ധിച്ച ഏറ്റവും പുതിയ പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കയ്യില്‍ കാശുള്ളവരും തലയില്‍ ബുദ്ധി ഉള്ളവരും മാത്രം യു കെയില്‍ സ്ഥിരതാമസം ആക്കിയാല്‍ മതി എന്നാണ് കുടിയേറ്റ മന്ത്രി ഡാമിയന്‍ ഗ്രീന്‍ പറയുന്നത്.അല്ലാത്തവര്‍ വിസ കാലാവധി കഴിയുമ്പോള്‍ തിരിച്ചു പോകണം.രാജ്യത്തിന് ബെനഫിറ്റ് നല്‍കാന്‍ കഴിയുന്നവര്‍ നിന്നാല്‍ മതി,രാജ്യത്തില്‍ നിന്നും ബെനഫിറ്റ് വാങ്ങാന്‍ വേണ്ടി ആരും വരണ്ട എന്ന് ചുരുക്കം.

ഇതിനായി യൂറോപ്പിന് പുറത്തു നിന്ന് വിവാഹം കഴിച്ച് പാര്‍ട്ട്‌ണറെ കൊണ്ടുവരണമെങ്കില്‍ 25,700 പൌണ്ട് എങ്കിലും വാര്‍ഷിക ശമ്പളവും, പി ആര്‍ ലഭിക്കാന്‍ ചുരുങ്ങിയത് 31,000 പൌണ്ട് മുതല്‍ 49,000 പൌണ്ട് വരെ വാര്‍ഷിക ശമ്പളവും വേണമെന്ന നിബന്ധന വയ്ക്കും.മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന മെയ്‌ മാസത്തിന് മുന്‍പായി കുടിയേറ്റം സംബന്ധിച്ച നിര്‍ണായകമായ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളും.

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത ബെനഫിറ്റില്‍ ജീവിക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ക്കും യു കെ വിസ നല്‍കില്ല.രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലാത്തവരെ യാതൊരു കാരണവശാലും സ്വീകരിക്കാന്‍ കഴിയില്ല എന്നാണ് കുടിയേറ്റ മന്ത്രിയുടെ പക്ഷം.അതേ സമയം കയ്യില്‍ കാശുള്ളവര്‍ പുറത്തു നിന്ന് കല്യാണം കഴിക്കുന്നതിലോ സ്ഥിരതാമസം ആക്കുന്നതിലോ മന്ത്രിക്ക്‌ യാതൊരു എതിര്‍പ്പുമില്ല.എന്തായാലും ഇക്കാര്യങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ഇന്ന് വൈകിട്ടോടെയെ വ്യക്തമാകുകയുള്ളൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.