1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2017

സ്വന്തം ലേഖകന്‍: ഭാര്യയുടെ മൃതദേഹവും പൊതിഞ്ഞ് ചുമലിലേറ്റി കിലോമീറ്ററുകള്‍ നടന്ന പഴയ മാജി ഇന്ന് ലക്ഷപ്രഭു, ഒപ്പം മൂന്നാം വിവാഹവും. ഒരു വര്‍ഷം മുമ്പ് ആശുപത്രിയില്‍ മരിച്ച ഭാര്യയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി ചുമലില്‍ ഏറ്റി കിലോമീറ്ററുകളോളം നടന്ന ധന മാജിയുടേയും ഒപ്പം ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടുള്ള മകളുടെയും ചിത്രം സമൂഹ മാധ്യമങ്ങളില്‍ കൊടുങ്കാറ്റായിരുന്നു.

ആശുപത്രി അധികൃതര്‍ വാഹനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ ജീവനറ്റ ശരീരവുമായി റോഡിലൂടെ നടന്നുനീങ്ങുന്ന മാജിയും മകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും അന്താരാഷ്ട്ര തലയില്‍ ഇന്ത്യയുടെ തല കുനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മാജിയുടെ ജീവിതം വിശ്വസിക്കാനാവാത്ത വിധം മാറി മറിഞ്ഞിരിക്കുകയാണ്. നൂറുകണക്കിന് കാരുണ്യത്തിന്റെ സഹായ ഹസ്തങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാജിയെ തേടിയെത്തിയത്.

ഇപ്പോള്‍ ലക്ഷപ്രഭുവാണ് ധന മാജി. 37 ലക്ഷത്തില്‍പരം രൂപയാണ് അദ്ദേഹത്തിന് സംഭാവനയായി ലഭിച്ചത്. മൂന്ന് പെണ്‍കുട്ടികള്‍ക്കും ഭുവനേശ്വറിലെ ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനവും ലഭിച്ചു.
ഹൃദയം പിളരുന്ന ആ ചിത്രം കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലും സഹായങ്ങള്‍ എത്തി. ഒഡീഷ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഇന്ദിരാ ആവാസ് യോജന പദ്ധതിക്ക് കീഴില്‍ വീടുവെച്ചുനല്‍കി. ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫ ഒമ്പത് ലക്ഷം രൂപയുടെ ചെക്കാണ് സമ്മാനിച്ചത്.

സുലഭ ഇന്റര്‍നാഷനല്‍ വഴി ലഭിച്ചത് അഞ്ച് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമായിരുന്നു. പ്രശസ്തമായ കലിംഗ ഇന്‍സ്റ്റിറ്റിയൂ ട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് സ്ഥാപകന്‍ തന്റെ സ്‌കൂളില്‍ മാജിയുടെ മൂന്ന് മക്കള്‍ക്കും പ്രവേശനം നല്‍കി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാജി മൂന്നാമതും വിവാഹിതനായി. ക്ഷയരോഗിയായിരുന്ന മാജിയുടെ ഭാര്യ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 24ന് രാത്രിയാണ് ഭാവനിപാറ്റ്‌നയിലെ ജില്ലാ ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചത്.

മൃതദേഹം കൊണ്ടുപോകാന്‍ വാഹനം ഒരുക്കിനല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതോടെ പഴയ ഷീറ്റില്‍ പൊതിഞ്ഞുകെട്ടി ചുമലിലേറ്റുകയായിരുന്നു മാജി. മൃതദേഹവുമായി 60 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുന്ന മാജിയുടെയും കരഞ്ഞുതളര്‍ന്ന 12കാരി മകളുടെയും ചിത്രമാണ് ആ ജീവിതം മാറ്റിമറിച്ചത്. മൃതദേഹം കൊണ്ടുപോകാന്‍ ഒരു വാഹനത്തിനായി താന്‍ ആശുപത്രി അധികൃതരോട് കെഞ്ചിയെന്ന് മാജി പറയുന്നു. ഒരാള്‍ പോലും സഹായിച്ചില്ല. അങ്ങനെയാണ് ചുമലിലേറ്റി നടക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.

പത്ത് കിലോമീറ്ററോളം പിന്നിട്ടപ്പോള്‍ ഏതാനും പ്രാദേശിക ലേഖകര്‍ ഈ കാഴ്ച കാണുകയും ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരുക്കിയ വാഹനത്തിലാണ് ബാക്കി ദൂരം യാത്ര പൂര്‍ത്തിയാക്കിയത്. മാജിയുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ വന്നെങ്കിലും അയാളുടെ മക്കള്‍ ഇപ്പോഴും തങ്ങളുടെ അമ്മയുടെ നഷ്ടം വരുത്തിയ ദു:ഖത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. മാത്രമല്ല അച്ഛന്റെ പുതിയ ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

അച്ഛന്‍ പുതിയ വിവാഹം കഴിച്ചതോടെ ഇടയ്ക്കിടയ്ക്കു മാത്രമാണ് ഞങ്ങളെ കാണാന്‍ വരുന്നത്. പുതിയ അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കുന്നത് പോലും ഇഷ്ടമല്ലയെന്നും മാജിയുടെ മൂത്ത മകള്‍ ചാന്ദ്‌നി പറയുന്നു. അവധിക്ക് വീട്ടില്‍ എത്തിയ മക്കള്‍ക്ക് രണ്ടാനമ്മയുമായി ഒത്തുപോകാന്‍ കഴിയാതെ വന്നതോടെ അച്ഛന്‍ അവരെ അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. അച്ഛന്‍ സന്തോഷമായിരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ ഞങ്ങളെ കൃത്യമായി കാണാനും വരണമെന്നും ചാന്ദ്‌നി പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.