സ്വന്തം ലേഖകന്‍: ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി വൃദ്ധ ദമ്പതിമാര്‍ വീണ്ടും, താരം കോടതിയില്‍ ഹാജരാക്കിയത് വ്യാജരേഖകളെന്ന് പരാതി. വ്യാജരേഖകള്‍ കോടതിയില്‍ ഹാജരാക്കിയാണ് ധനുഷ് തങ്ങളുടെ അവകാശവാദത്തിനെതിരേ വിധി നേടിയെടുത്തതെന്ന് കാണിച്ച് മേലൂര്‍ സ്വദേശികളായ കതിരേശന്‍, മീനാക്ഷി ദമ്പതിമാര്‍ പുതൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവ വ്യാജമാണെന്നും ഇതു സംബന്ധിച്ചു കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. ധനുഷിനെതിരേ വ്യാജരേഖ ആരോപണവുമായി കഴിഞ്ഞമാസം മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിനു മുന്‍പാകെയും ഇരുവരും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 14 വര്‍ഷംമുന്‍പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ധനുഷിനെ കുറേ നാളുകള്‍ തേടിനടന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു.
ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വീട്ടില്‍നിന്ന് ഒളിച്ചോടുകയായിരുന്നെന്നും അവകാശപ്പെട്ട് ഇവര്‍ മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രിലില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ധനുഷ് ഹാജരാക്കിയ തിരിച്ചറിയല്‍ രേഖകള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ആ രേഖകള്‍ വ്യാജമാണെന്നാണ് കതിരേശനും മീനാക്ഷിയും ഇപ്പോള്‍ ആരോപിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല