1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2016

സ്വന്തം ലേഖകന്‍: ദരാ അദാംഖേല്‍, ലോകത്തിലെ ഏറ്റവും കുറഞ്ഞ വിലക്ക് തോക്കുകള്‍ വില്‍ക്കുന്ന പാകിസ്താനിലെ കരിഞ്ചന്ത. പെഷവാറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള മല നിരകളാല്‍ ചുറ്റപ്പെട്ട ഈ നഗരത്തില്‍ കലാഷ്‌നിക്കോവ് തോക്കുകള്‍ പോലും കുറഞ്ഞ വിലക്ക് ലഭിക്കും.

തോക്കുകള്‍ സ്മാര്‍ട്‌ഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന നഗരം കള്ളക്കടത്തുകാരുടേയും മയക്കുമരുന്ന വ്യാപരികളുടേയും കേന്ദ്രമാണ്. പാകിസ്താനില്‍ ക്രിമിനല്‍ പ്രവര്‍ത്തനം കൊണ്ട് ഏറെ ഖ്യാതിയുള്ള പെഷവാര്‍ നഗരത്തിന്റെ തൊട്ടടുത്ത പ്രദേശം എന്നതിനപ്പുറത്ത് ദരാ അദാംഖേലില്‍ എന്തും കിട്ടും. മോഷ്ടിച്ച കാര്‍ മുതല്‍ വ്യാജ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് വരെ ഇവിടെ സുലഭം.

ഈ അനധികൃത തോക്ക് വ്യാപാരത്തിന് ദശകങ്ങളുടെയും തലമുറകളുടേയും പഴക്കമുണ്ട്. സോവ്യറ്റ് യൂണിയനോട് അഫ്ഗാനിസ്ഥാനില്‍ മുജാഹിദീനുകള്‍ പോരാടിയ 1980 കള്‍ മുതല്‍ ഇവിടെ ആയുധ വ്യാപാരം സജീവമാണ്. അമേരിക്കയുടെ എഫ്ബിഐ സ്വാറ്റ് ടീമുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ലോകത്തെ ഏറ്റവും പ്രസിദ്ധമായ ആയുധങ്ങളില്‍ ഒന്നായ ടര്‍ക്കിഷ്, ബള്‍ഗേറിയന്‍ നിര്‍മ്മിത എംപി 5 സബ് മെഷീന്‍ ഗണ്ണുകളുടെ വ്യാജന്‍ വരെ ശേഖരത്തിലുള്ള കടകളുണ്ട്.

പിന്നീട് നഗരം പാക് താലിബാന്റെ ശക്തികേന്ദ്രമായി മാറി. ഇവിടെ കാട്ടാള നീതിയുമായി പാക് നീതിന്യായ വ്യവസ്ഥയ്ക്ക് ഒരു സമാന്തര സംവിധാനം തന്നെ നടപ്പാക്കി താലിബാന്‍. സൈനിക ഇടപെടലില്‍ ഇപ്പോള്‍ ദാരാ പൊതുവേ ശാന്തമാണെങ്കിലും അനധികൃത ആയുധ വില്‍പ്പനക്കാര്‍ക്ക് ഇത് തിരിച്ചടിയായിട്ടുണ്ട്. എല്ലായിടത്തും ചെക്ക് പോയിന്റ ഏര്‍പ്പെടുത്തിയുള്ള നവാസ് ഷെരീഫ് സര്‍ക്കാരിന്റെ പരിപാടികള്‍ ബിസിനസ് ആകെ താറുമാറാക്കിയിരിക്കുകയാണെന്ന് തോക്കു കച്ചവടക്കാര്‍ പറയുന്നു.

എംപി 5 സബ് മെഷീന്‍ ഗണ്ണുകളുടെ വ്യാജന്‍ ഒരു വര്‍ഷത്തെ ഗ്യാരന്റിയോടെ വെറും 7000 പാകിസ്താന്‍ രൂപയ്ക്ക് കിട്ടും. ആഗോള വിപണിയില്‍ വെറും 67 ഡോളര്‍. മികച്ച സവിശേഷതകളുള്ള ഒരു സ്മാര്‍ട്ട്‌ഫോണിനേക്കാളും താഴെ വിലയില്‍. പത്തു വര്‍ഷത്തിനിടയില്‍ 10,000 തോക്കുകളാണ് കടക്കാരന്‍ വില്‍പ്പന നടത്തിയത്. ലോകത്തിലെ ഏത് അത്യാധുനിക തോക്കുകള്‍ക്കും വ്യാജന്‍ ഉണ്ടാക്കാന്‍ കഴിയുന്ന പണിക്കാരാണ് പ്രത്യേകത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.