സ്വന്തം ലേഖകൻ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്ക് അനാവശ്യമായി യാത്ര ചെയ്യുന്നവരുടെ വാഹനങ്ങൾ തടയുമെന്ന് മുന്നറിയിപ്പ്. രക്ഷാപ്രവർത്തനം സുഗമമാക്കുന്നതിനും രക്ഷാപ്രവർത്തകരുടെയും സൈന്യത്തിന്റെയും വാഹനങ്ങൾ തടസമില്ലാതെ ദുരന്തഭൂമിയിലേക്ക് എത്തുന്നതിനുമാണ് നടപടി.
ഇതിനായി ഈങ്ങാപ്പുഴയിൽ വാഹനപരിശോധന നടത്താൻ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വലിയ ചരക്കുവാഹനങ്ങൾക്ക് ചുരം വഴി താൽക്കാലിക നിരോധനം നിലനിൽക്കുന്നുണ്ട്.
അതേസമയം, ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യതയുണ്ട്.
എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതാത് ജില്ലയിലെ കളക്ടറേറ്റില്‍ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ടു അറിയിക്കണം. ജില്ലാ കളക്ടറേറ്റില്‍ ഇവ ശേഖരിക്കാന്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉരുൾ വിഴുങ്ങിയ മുണ്ടക്കൈയിൽ കാണാതായവർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ അനുഭവിച്ച വേദനയുടെ തീവ്രതയിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയുമേറെ ദൂരം പോവാനുണ്ട്. ഈ സാഹചര്യത്തിലാണ് ‘ഡാർക്ക് ടൂറിസം’ ട്രെൻഡാക്കി ഇവിടേക്ക് വരരുതേ എന്ന പൊലീസിന്റെ അഭ്യർത്ഥന.
ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറംനാടുകളിൽ നിന്ന് ആളുകൾ കാഴ്ച കാണാനായി എത്തുന്നതിനെയാണ് ഡാർക്ക് ടൂറിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. മരണം, ദുരിതം, ദുരന്തം, അക്രമം, അസുഖകരമായ അസ്വാഭാവിക പ്രവർത്തനങ്ങൾ എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും ഡാർക്ക് ടൂറിസത്തിന്റെ പരിധിയിൽ വരുന്നതാണ്.
ഇലന്തൂർ നരബലി കേസ് വാർത്തയായ സമയത്ത് സംഭവസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ കാഴ്ച കാണാനായി മാത്രം എത്തിയിരുന്നത് ഇതിന് ഉദാഹരണമാണ്. ശ്മശാനങ്ങൾ, ശവകുടീരങ്ങൾ, മോർച്ചറികൾ, ദുരന്തബാധിത പ്രദേശങ്ങൾ, യുദ്ധക്കളങ്ങൾ, സ്മാരകങ്ങൾ, ജയിലുകൾ, വധശിക്ഷ നടപ്പാക്കുന്ന സ്ഥലങ്ങൾ, കുറ്റകൃത്യങ്ങൾ നടക്കുന്ന ഇടങ്ങൾ എന്നിവയെല്ലാം ഡാർക്ക് ടൂറിസം സ്പോട്ടുകളിൽ ഉൾപ്പെടുന്നവയാണ്. യുക്രൈയിനിൽ ചെർണോബിൽ ദുരന്തം നടന്ന ഇടം, അമേരിക്കയിൽ 9/11 ആക്രമണം നടന്ന ഇടം എന്നിവയൊക്കെ പ്രധാനപ്പെട്ട ഡാർക്ക് ടൂറിസം സ്പോട്ടുകളാണ്.
ഇത്തരം ഡാർക്ക് ടൂറിസം സ്പോട്ടുകളിലേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് പിന്നിലെ മനശാസ്ത്രം പലതാണെന്ന് വിദഗ്ധർ പറയുന്നു. ദുരന്തം നടന്ന സ്ഥലവുമായി ആളുകൾക്കുള്ള വൈകാരിക ബന്ധമാണ് ഒന്ന്. അവിടെ അവർക്ക് പ്രിയപ്പെട്ടവരുണ്ടാകാം, പ്രിയപ്പെട്ട ഓർമ്മകളുണ്ടാകാം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവിടേക്കുള്ള യാത്രകളെ നിർവചിക്കാനാവുക. മറ്റൊന്ന് ദുരന്തം നടന്നതിനു പിന്നാലെ ഞാനവിടെയുണ്ടായിരുന്നു എന്ന് സ്വയം രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമമാണ്.
ദുരന്തം അനുഭവിച്ച ജനതയുടെ വൈകാരികത തങ്ങളിലേക്കും പകർന്നുകിട്ടിയെന്ന് സ്വയം ആശ്വസിച്ച് ആ ദുരന്തത്തിൽ ഭാഗഭാക്കായി എന്ന മിഥ്യാബോധത്തിലേക്ക് എത്താനുള്ള ശ്രമമാണിത്. ഇനി മറ്റൊരു കൂട്ടർ ആ ദുരന്തങ്ങളിൽ ഇല്ലാതായവർക്ക് നേരിട്ട് അന്ത്യാജ്ഞലി അർപ്പിക്കുന്നു എന്ന ബോധത്തോടെ എത്തുന്നവരാണ്. Dark Tourism (Tourism, Leisure & Recreation) എന്ന പുസ്തകത്തിൽ John Lennonഉം Malcolm Foleyയും ഡാർക്ക് ടൂറിസത്തെ നിർവചിക്കുന്നത് മനുഷ്യത്വരഹിതമായ പ്രവർത്തികളുടെ പ്രതിഫലനവും അവയെ സന്ദർശകർ വ്യാഖ്യാനിക്കുന്ന വിധവും എന്നാണ്.
ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ച് നിരന്തരം വാദിക്കുന്ന നമ്മൾ ഇവിടെയും ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. ആ ഉത്തരവാദിത്തം മുണ്ടക്കൈ പോലെയുള്ള ദുരന്തബാധിത മേഖലകളിലേക്ക് കടന്നുചെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കരുത് എന്ന് തീരുമാനിക്കാനുള്ള ആർജവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല