ചൈനീസ് ഹാക്കര്‍മാര്‍ യുഎസ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ ഓഫീസ് സെര്‍വറില്‍ നുഴഞ്ഞു കയറി നാല് മില്യണ്‍ ഫെഡറല്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി. യുഎസിലെ എല്ലാ ഫെഡറല്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് ഡേറ്റാ ലീക്ക് ഉണ്ടായിരിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുഎസ് ഉദ്യോഗസ്ഥന്‍ ഡെയിലി മെയിലിനോട് പറഞ്ഞു.
ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ദ് ഇന്റീരിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണം എങ്ങനെ ഉണ്ടായെന്നും എപ്പോള്‍ ഉണ്ടായെന്നും കണ്ടെത്തുന്നതിനായി അന്വേഷണം നടന്നു വരികയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ അത് രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തല്‍ പേര് വെളിപ്പെടുത്താനാകാത്ത യുഎസ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്.
ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന് നേര്‍ക്ക് ഒരു വര്‍ഷം മുന്‍പ് സമാനമായ ആക്രമണ ശ്രമം ഉണ്ടായിരുന്നു. അതും ചൈനയില്‍നിന്ന് തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഹാക്കിംഗിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി മോഷ്ടാക്കള്‍ ഉപയോഗിച്ചേക്കാമെന്നും അങ്ങനെയെങ്കില്‍ അത് യുഎസിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല