ജനിച്ച് മൂന്നാം ദിവസം നഷ്ടപ്പെട്ട മകളെ മാതാപിതാക്കള്‍ക്ക് 17 വര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി. കേപ്ടൗണ്‍ നിവാസികളായ മോര്‍നേ സെലസ്റ്റ് നഴ്‌സ് ദമ്പതിമാരുടെ മകള്‍ സീഫണിയെയാണ് ഡിഎന്‍എ ടെസ്റ്റിലൂടെ സ്വന്തം മകളാണെന്ന് കണ്ടെത്തി തിരികെ നേടിയിരിക്കുന്നത്. 1997 ല്‍ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്. ആശുപത്രിയില്‍ പ്രസവ പരിചരണത്തില്‍ കഴിഞ്ഞിരുന്ന അമ്മയില്‍ നിന്നും കുഞ്ഞിനെ അപരിചിതയായ സ്ത്രീ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
മോര്‍നേസെലസ്റ്റ് നഴ്‌സ് ദമ്പതിമാരുടെ ആദ്യത്തെ കുട്ടിയായിരുന്നു സിഫണി. ഇവരുടെ മറ്റൊരു മകളായ കാസിഡി നഴ്‌സും സീഫണിയും ഒരേ സ്‌കൂളില്‍ തന്നെയായിരുന്നു പഠിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള രൂപസാദൃശ്യം അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആശയക്കുഴപ്പത്തിലാക്കി. സഹപാഠികളായ ഇരുവരും സഹോദരിമാരാണോ എന്ന് ചോദിയ്ക്കാന്‍ തുടങ്ങിയതോടെ കാസിഡി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ആദ്യത്തെ കുഞ്ഞിനെ നഷ്ടമായ മാതാപിതാക്കള്‍ക്ക് കാസിഡിയെ പോലുള്ള പെണ്‍കുട്ടി തങ്ങളുടെ മകളാണെന്ന സംശയത്തിനിടവരുത്തി. തുടര്‍ന്ന് കാസിഡിയോട് സീഫണിയെ വീട്ടിലേക്ക് വിളിപ്പിച്ച ദമ്പതിമാര്‍ ഇത് തങ്ങളുടെ മകള്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സീഫണി തങ്ങളുടെ മകളാണെന്നും ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്തെത്തി.
പരിശോധനയില്‍ സീഫണി ദമ്പതിമാരുടെ മകളാണെന്ന് തെളിയുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സീഫണിയെ തട്ടിക്കൊണ്ട് പോയ വളര്‍ത്തമ്മയായ 50കാരിയേയും ഭര്‍ത്താവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.
മക്കളില്ലാത്തതിനാലാണ് ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയതെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല