സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഉന്നതനിരയിലുള്ള പൂച്ചകളുടെ കൂട്ടത്തിലേക്ക് ‘ഡേവിനെ’ സ്വാഗതം ചെയ്ത് ലാറി പൂച്ച. ഫ്രാൻസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് താരങ്ങൾ കളിക്കളം വിട്ടെങ്കിലും ആ യാത്രയിൽ ഓർമിക്കാൻ പ്രിയപ്പെട്ട ഒന്നിനെ ഒപ്പം കൂട്ടിയായിരുന്നു സംഘത്തിന്റെ മടക്കം. ഇംഗ്ലണ്ട് കളിക്കാർ താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തിയ ഒരു തെരുവ് പൂച്ചയെ ടീമിന്റെ ഭാഗമാക്കിയാണ് യുകെയിലേക്ക് മടങ്ങിയത്. ഡേവ് എന്ന് പേര് നൽകിയിരിക്കുന്ന പൂച്ചയാണ് ഇംഗ്ലണ്ട് ടീമിന്റെ ഓമനയായി മാറിയത്.
സംഘത്തില അംഗമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെ ലണ്ടനിലെ ക്യാബിനറ്റ് ഓഫിസിലെ ലാറി എന്ന പൂച്ച ഇംഗ്ലണ്ടിലെ ഉന്നതനിരയിലുള്ള പൂച്ചകളുടെ കൂട്ടത്തിലേക്ക് ഡേവിനെ സ്വാഗതം ചെയ്യുകയും ചെയ്തു. ലാറിയുടെ പേരിലുള്ള ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു ഡേവിന് സ്വാഗതം ആശംസിച്ചത്. പോസ്റ്റിനൊപ്പം ഡേവിന്റെ യാത്ര കാണിച്ചുകൊണ്ടുള്ള ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനായി ഡേവിനുവേണ്ടി പ്രത്യേക കൂട് തയാറാക്കിയിരുന്നു.
ഇംഗ്ലണ്ട് ടീമംഗങ്ങൾ നാട്ടിലേക്ക് മടക്കയാത്ര ആരംഭിച്ച് രണ്ടുമണിക്കൂറിനുള്ളിൽ ഡേവും വിമാനം കയറി. രാജകീയ വരവേൽപ് ലഭിച്ചെങ്കിലും ഡേവിന് മാഞ്ചസ്റ്ററിൽ കൂട്ടുകാരെ കാണാനും ഒപ്പം ചേരാനും മാസങ്ങൾ കാത്തിരിക്കേണ്ടിവരും. പരിശോധനകൾ നടത്തി കുത്തിവയ്പ്പുകളെല്ലാമെടുത്ത ശേഷം നീണ്ട നാലുമാസക്കാലം ഡേവിനെ ക്വാറന്റീനിൽ പാർപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. അത്രയും കാലം തനിച്ചായിരിക്കും ഡേവിന്റെ താമസം.
ഡേവിന് ലാറി ഔദ്യോഗികമായി സ്വാഗതം ആശംസിച്ച പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കണ്ടത്. ആയിരക്കണക്കിനാളുകൾ പോസ്റ്റ് പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ ഇംഗ്ലണ്ടിലെ കാലാവസ്ഥ താങ്ങാൻ ഡേവിനാവുമോ എന്ന ആശങ്കയാണ് പലരും പങ്കുവയ്ക്കുന്നത്. ഖത്തറിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലേക്കെത്തപ്പെട്ട ഡേവിന് മികച്ച പരിചരണം നൽകിയാൽ മാത്രമേ അതിന് ഇംഗ്ലണ്ടിൽ ജീവിക്കാനാവൂ എന്നും പലരും ചൂണ്ടിക്കാട്ടുന്നു.
ടീം ഡേവിനെ ഒരിക്കലും ഉപേക്ഷിക്കില്ല എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഖത്തറിൽ തങ്ങുന്ന കാലത്ത് രണ്ട് തെരുവ് പൂച്ചകളാണ് ഇംഗ്ലണ്ട് ടീമിന്റെ അരികിലെത്തിയത്. പോൾ എന്ന് പേരുള്ള രണ്ടാമത്തെ പൂച്ച പക്ഷേ കളിക്കാരോട് അത്ര അടുത്തിടപഴകിയിരുന്നില്ല. ഡേവാകട്ടെ ഇണക്കം കാട്ടുകയും താരങ്ങൾ ആഹാരം കഴിക്കുന്ന സമയത്ത് കാത്തിരിക്കുകയുമെല്ലാം ചെയ്തു. ഖത്തറിൽ നിന്നു കിട്ടിയ പുതിയ സുഹൃത്തിന് ഇംഗ്ലണ്ടിലെ ജീവിതം ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ് താരങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല