സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍. കള്ളപ്പണ നിക്ഷേപകരുടെയും നികുതിവെട്ടിപ്പുകാരുടെയും വിവരങ്ങളുള്ള പാനമ രേഖകളില്‍ പിതാവ് ഇയാന്‍ കാമറണിന്റെ പേരും ഉള്‍പ്പെട്ടതാണ് ഡേവിഡ് കാമറണിനെ പ്രതിരോധത്തിലാക്കിയത്.
മോള്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ പേരില്‍ ഇയാന്‍ കാമറണ്‍ ബഹാമസില്‍ 30 വര്‍ഷത്തോളം പണം നിക്ഷേപിച്ചെന്നാണ് രേഖകളിലുള്ളത്. 2010 ല്‍ ഇയാന്‍ കാമറണ്‍ അന്തരിച്ചെങ്കിലും കമ്പനി ഇപ്പോഴും നിലവിലുണ്ട്.
നികുതി ഇളവുകളുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളില്‍ പണം നിക്ഷേപിച്ച് നികുതി വെട്ടിക്കുന്നവരെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഡേവിഡ് കാമറണിന്റെ പിതാവുതന്നെ നികുതിവെട്ടിപ്പുകാരുടെ പട്ടികയില്‍ വന്നത് ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്.
എന്നാല്‍ ഇത് തികച്ചും സ്വകാര്യമായ കാര്യമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്. സാധാരണക്കാരുടെ നികുതികാര്യങ്ങള്‍ സ്വകാര്യമാണെങ്കിലും പ്രധാനമന്ത്രിയുടേത് അങ്ങനെയല്ലെന്ന് ലേബര്‍ പാര്‍ട്ടി പ്രതിനിധി തിരിച്ചടിക്കുകയും ചെയ്തു. റഷ്യം പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഉള്‍പ്പടെ ഒട്ടേറെ പ്രമുഖരാണ് പനാമ രേഖകളില്‍ കുടുങ്ങിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല