ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഉദയത്തിനും വികാസത്തിനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പഴിച്ച് മുന്‍ സൈനിക മേധാവി ജനറല്‍ സര്‍ ഡേവിഡ് റിച്ചാര്‍ഡ്‌സ്. ഐഎസ് ലോകത്തിന് ഭീഷണിയായി മുളച്ചു വന്നപ്പോള്‍ തന്നെ അവരെ നേരിടാനുള്ള ആര്‍ജവം കാമറൂണ്‍ കാണിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്യങ്ങളെ ഗഹനമായി നോക്കി കാണുന്നതില്‍ കാമറൂണ്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഡേവിഡ് കാമറൂണിനെക്കുറിച്ചുള്ള ബയോഗ്രഫിക്കായി എഴുത്തുകാരന്‍ നടത്തുന്ന അഭിമുഖശ്രേണിയിലാണ് മുന്‍ സൈനിക തലവന്‍ ഇത്തരത്തില്‍ കാമറൂണിനെ ആക്രമിച്ചിരിക്കുന്നത്. പൊളിറ്റിക്കല്‍ ബയോഗ്രഫറായ സര്‍ ആന്റണി സെല്‍ഡനാണ് കാമറൂണിനെക്കുറിച്ച് പുസ്തകം തയാറാക്കുന്നത്.
സിറിയയില്‍ ബ്രിട്ടണ്‍ സ്വീകരിക്കുന്ന നയങ്ങളെ ചൊല്ലി കാമറൂണും സര്‍ ഡേവിഡും തമ്മില്‍ നിരന്തര കലഹങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. സിറിയയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ട് വരുന്ന സാഹചര്യത്തില്‍ കടുത്ത സൈനിക നടപടിയായിരുന്നു താന്‍ മുന്നോട്ടുവെച്ച പരിഹാരമെന്നും, എന്നാല്‍ കാമറൂണ്‍ അതിന് അനുവദിച്ചില്ലെന്നും സര്‍ ഡേവിഡ് പറയുന്നു. സിറിയയില്‍ നേരത്തെ ഇടപെടല്‍ നടത്തുകയായിരുന്നെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചൊതുക്കാന്‍ സാധിക്കുമായിരു്ന്നു എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കിടയില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും സര്‍ ഡേവിഡിന് ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
സിറിയയിലും ലിബിയയിലും പോലെ തന്നെ ഉക്രെയ്‌നിലും കണ്ടത് നയങ്ങളുടെ പരാജയമാണ്. കാര്യങ്ങളെക്കുറിച്ച് ഗഹനമായി ചിന്തിക്കാനും നോക്കികാണാനുമുള്ള കഴിവില്ലായ്മയുടെ പ്രശ്‌നമാണ്. രാജ്യതന്ത്രജ്ഞതയെക്കാള്‍ പ്രാമൂഖ്യം നല്‍കപ്പെടുന്നത് പലപ്പോഴും നോട്ടിംഗ് ഹില്‍ ലിബറല്‍ അജണ്ടയ്ക്കാണ്’ – അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല