1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2015

യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തീരുമാനത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഡേസിഡ് കാമറൂണ്‍ പ്രതിക്കൂട്ടിലാകുന്നു. കുടിയേറ്റം വെട്ടിക്കുറിക്കാനുള്ള സര്‍ക്കാര്‍ നയം ബ്രിട്ടീഷുകാരില്‍ വ്യാജ പ്രതീക്ഷകള്‍ കുത്തിവക്കുക മാത്രമാണ് ചെയ്തതെന്ന വാദവുമായി രണ്ടു മുന്‍ മന്ത്രിമാര്‍ രംഗത്തെത്തിയതോടെ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് പ്രധാനമന്ത്രി.

2010 ല്‍ അധികാരത്തിലേറുമ്പോള്‍ കാമറൂണിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു യുകെയിലേക്കുള്ള കുടിയേറ്റം കുറച്ച് കൂടുതല്‍ തദ്ദേശീയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. എന്നാല്‍ തെരെഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പുറത്തു വന്ന ഒരു കണക്കു പ്രകാരം യുകെയിലേക്കുള്ള കുറ്റിയേറ്റ നിരക്ക് റെക്കോര്‍ഡ് നിലയിലേക്ക് കുതിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനും മെച്ചപ്പെടുത്താനുമുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് കാമറൂണ്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്ന് മാത്രമല്ല, കുടിയേറ്റ നിരക്ക് തുടര്‍ച്ചയായി വര്‍ധിക്കുകയും ചെയ്തു.

അതേസമയം കര്‍ശനമായ കുടിയേറ്റ നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഒരു രാജ്യത്തിലും പ്രായോഗികമല്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിനാലാണിത്.

മുന്‍ കാബിനറ്റ് മന്ത്രിമാരായ കെന്‍ ക്ലാര്‍ക്, ഡേവിഡ് വില്ലറ്റ്‌സ് എന്നിവരാണ് കാമറൂണിന്റെ കുടിയേറ്റ വിരുദ്ധ നയം ഒരു അബദ്ധമായിരുന്നു എന്ന അഭിപ്രായവുമായി രംഗത്തെത്തിയത്. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രത്യേക ക്വോട്ട അനുവദിക്കും എന്ന അഭ്യൂഹം കാമറൂണ്‍ തള്ളിക്കളഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.