1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2024

സ്വന്തം ലേഖകൻ: പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ഇന്ത്യയുമായി ഉള്ള ബന്ധം എങ്ങനെയാകും എന്ന ചോദ്യത്തില്‍ ഏവരും ഉറ്റുനോക്കിയത് ആരായിരിക്കും വിദേശകാര്യ സെക്രട്ടറി എന്ന കാര്യത്തിലാണ്. ഷാഡോ സെക്രട്ടറി ആയിരുന്ന ഡേവിഡ് ലാമി തന്നെ മന്ത്രിയാകും എന്ന് ഉറപ്പായിരുന്നെങ്കിലും ഒന്നിലേറെ ലേബര്‍ നേതാക്കള്‍ ഈ പ്രസ്റ്റീജ് മന്ത്രിക്കസേരയ്ക്ക് വേണ്ടി ചരട് വലികള്‍ നടത്തിയിരുന്നു.

എന്നാല്‍ ഒടുവില്‍ ഡേവിഡ് ലാമിക്ക് തന്നെ നറുക്ക് വീഴുമ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറെ സുഹൃത്ത് എന്ന് മനസ് തുറന്നു വിശേഷിപ്പിക്കുന്ന ആളാണ് എന്നത് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സൗഹൃദപാലം കെട്ടാന്‍ വലിയ നിലയില്‍ സഹായകമാകും എന്ന് വിലയിരുത്തപ്പെടുകയാണ്. ജയശങ്കറെ മാത്രമല്ല പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും അടുത്ത് പരിചയമുള്ള ബ്രിട്ടീഷ് നേതാവാണ് ഡേവിഡ് ലാമി എന്നത് നയപരമായ വിഷയങ്ങളില്‍ പൊതു ധാരണ സൃഷ്ടിക്കാനുള്ള സാധ്യതയും തുറന്നിടുകയാണ്.

2016ലാണ് ഡേവിഡ് ലാമി കൊച്ചി ബിനാലെയില്‍ പങ്കെടുക്കുവാന്‍ കേരളത്തിലെത്തിയത്. അന്ന് നേതാവ് തനിച്ചായിരുന്നില്ല. സാന്‍ഡ് ആര്‍ട്ടിസ്റ്റായ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമായിരുന്നു സന്ദര്‍ശനം. ബിനാലെ സന്ദര്‍ശനത്തിനു പിന്നാലെ മാന്നാനത്തും എത്തിയ അന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ വിദ്യാഭ്യാസമന്ത്രിയായിരുന്ന ഡേവിഡ് ലാമി മാന്നാനം സ്‌കൂളിലെ കുട്ടികളുമായി ബ്രിട്ടനിലെ വിദ്യാഭ്യാസ രീതി ഉള്‍പ്പെടെ ഏറെ നേരം സംവദിക്കുകയും ചെയ്തിരുന്നു.

അതിനിടെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിയേർ സ്റ്റാമെറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഇന്ത്യ– ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ യഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്റ്റാമെറുമായുള്ള ആശയവിനിമയത്തിൽ ധാരണയായി.

കരാറിനുള്ള ശ്രമങ്ങളിൽ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഇനിയും മുന്നോട്ടു പോകാനുണ്ടെന്നു നേരത്തേ മുൻ പ്രധാനമന്ത്രി ഋഷി സുനക് ചൂണ്ടിക്കാട്ടിയിരുന്നു. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ഇനിയും ചർച്ചകൾ വേണ്ടിവന്നേക്കും. കരാർ വഴി 2030 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്നാണു പ്രതീക്ഷ. ഇന്ത്യ– ബ്രിട്ടൻ വ്യാപാരക്കരാർ സംബന്ധിച്ചു 2022 മുതൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇന്ത്യൻ വംശജയായ ലിസ നന്ദിയെ സാംസ്കാരിക– കായികവകുപ്പു മന്ത്രിയായി യുകെ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ നിയമിച്ചു. മന്ത്രിസഭയിലുള്ള ഏക ഇന്ത്യൻ വംശജയാണ്. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വിഗാനിൽനിന്നു ജയിച്ച ലിസ അടക്കം 11 വനിതകളാണു സ്റ്റാമെറിന്റെ 25 അംഗ മന്ത്രിസഭയിലുള്ളത്. ഇതു റെക്കോർഡാണ്. 2020 ൽ ലേബർ പാർട്ടിയുടെ മേധാവിയാകാനുള്ള മത്സരത്തിൽ സ്റ്റാമെറിനെതിരെ അവസാന റൗണ്ടിലെത്തിയ 3 പേരിലൊരാൾ ലിസ നന്ദിയായിരുന്നു. പാക്ക് വംശജയായ ഷബാന മഹ്‌മൂദ് നീതിന്യായ മന്ത്രിയായി; ലിസ് ട്രസിനുശേഷം ഈ സ്ഥാനത്തെത്തുന്ന വനിതയാണ്.

സ്റ്റാമെർ മന്ത്രിസഭയിലെ റേച്ചൽ റീവ്സ് യുകെയിൽ ധനമന്ത്രിയാകുന്ന ആദ്യ വനിതയാണ്. ആഞ്ചല റെയ്നർ ഉപപ്രധാനമന്ത്രിയാകുന്ന ആദ്യവനിതയും. സാംസ്കാരികമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന ഇന്ത്യൻ വേരുകളുള്ള ലേബർ നേതാവ് തങ്കം ഡെബനേർ തിരഞ്ഞെടുപ്പിൽ തോറ്റ സാഹചര്യത്തിലാണു ലിസയ്ക്കു നറുക്കുവീണത്.

എല്ലാ മന്ത്രിസഭാംഗങ്ങളും 2016 ലെ ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയൻ (ഇയു) അനുകൂല നിലപാടെടുത്തവരാണെങ്കിലും ഇയുവിലേക്ക് ഇനി ബ്രിട്ടൻ മടങ്ങിപ്പോകില്ലെന്നാണ് സ്റ്റാമെർ തിരഞ്ഞെടുപ്പുകാലത്തു വ്യക്തമാക്കിയത്. 650 അംഗ ബ്രിട്ടിഷ് പാർലമെന്റിൽ 412 സീറ്റാണു ലേബർ പാർട്ടി നേടിയത്. കൺസർവേറ്റീവ് പാർട്ടിക്ക് 121 സീറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് 365 സീറ്റുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.