ഡേവിസ് കപ്പ് ടെന്നീസില്‍ ലോക ഗ്രൂപ്പില്‍ കടക്കാനുള്ള ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു. ജപ്പാനോട് ലോക ഗ്രൂപ്പ് പ്ലേ ഓഫില്‍ 4-1ന് തോറ്റതോടെ ഇന്ത്യ ഏഷ്യാ/ഓഷ്യാനിയാ സോണല്‍ ഗ്രൂപ്പിലേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യയുടെ വിഷ്ണുവര്‍ധനെ രണ്ടാം റിവേഴ്‌സ് സിംഗിള്‍സില്‍ തോല്പിച്ച് കെയ്‌നിഷാക്കോരിയാണ് ജപ്പാന് 26 വര്‍ഷത്തിന് ശേഷം ലോകഗ്രൂപ്പിലേക്ക് യോഗ്യത ഒരുക്കിയത്. (സ്‌കോര്‍: 7-5, 6-3, 6-3).
ഇന്ത്യയുടെ ഒന്നാം നമ്പര്‍ സോംദേവ് ദേവ് വര്‍മന്‍ പരിക്കേറ്റ് പിന്മാറിയതിനെത്തുടര്‍ന്നാണ് വിഷ്ണു ഡേവിസ് കപ്പില്‍ അരങ്ങേറ്റം കുറിച്ചത്. ജപ്പാനെ കീഴടക്കാന്‍ ഇന്ത്യയ്ക്ക് രണ്ട് റിവേഴ്‌സ് സിംഗിള്‍സിലും ജയം അനിവാര്യമായിരുന്നു. വിഷ്ണുവര്‍ധന്റെ തോല്‍വിയോടെ അപ്രസക്തമായ അവസാന കളിക്കിടെ പരിക്കുമൂലം രോഹന്‍ ബോപ്പണ്ണയും പിന്മാറി. ഗൊ സോയ്ദയ്‌ക്കെതിരെ ആദ്യ സെറ്റില്‍ 5-4ന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് ബോപ്പണ്ണയ്ക്ക് പരിക്കേറ്റത്.
ആദ്യ രണ്ട് സിംഗിള്‍സിലും തോറ്റ ഇന്ത്യ ഡബിള്‍സില്‍ ജയിച്ച് പ്രതീക്ഷ നിലനിര്‍ത്തിയിരുന്നു. എന്നാല്‍, ലോക 65-ാം നമ്പര്‍ സോംദേവ് പരിക്കേറ്റ് പിന്മാറിയത് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി. പകരക്കാരനായി ഇറങ്ങിയ വിഷ്ണുവര്‍ധന്‍ ജപ്പാന്‍ ഒന്നാം നമ്പര്‍ നിഷിക്കോരിക്കെതിരെ മികച്ച പ്രകടനമാണ് നടത്തിയത്. ഒന്നാം സെറ്റിലെ ആദ്യ പത്ത് ഗെയ്മിലും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടന്നത്. 11-ാം ഗെയ്മിലാണ് ലോക 55-ാം റാങ്കുകാരനായ നിഷിക്കോരി ഇന്ത്യന്‍ താരത്തിന്റെ സര്‍വ് ഭേദിച്ച് മുന്നിലെത്തിയത്. റാങ്കിങ്ങില്‍ 456-ാം സ്ഥാനക്കാരനായ വിഷ്ണുവിന്റെ കളിയെ ബോപ്പണ്ണയും ജപ്പാന്‍ ക്യാപ്റ്റന്‍ ഇജി തയൂച്ചിയും പ്രശംസിച്ചു.
ജപ്പാന്‍ 1985-ലാണ് അവസാനമായി ലോകഗ്രൂപ്പില്‍ കളിച്ചത്. ഇന്ത്യയ്‌ക്കെതിരെ 19 തവണകളിച്ചതില്‍ മൂന്നാം വിജയമാണ് ജപ്പാന്‍ നേടിയത്. ലോക ഗ്രൂപ്പിലെ ആദ്യ റൗണ്ടില്‍ ചാമ്പ്യന്മാരായ സെര്‍ബിയയോട് തോറ്റതിനെ ത്തുടര്‍ന്നാണ് ഇന്ത്യയ്ക്ക് പ്ലേഓഫ് കളിക്കേണ്ടിവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല