സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് അവയവങ്ങള്‍ ജീര്‍ണിക്കുന്ന അപൂര്‍വ രോഗം, ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് പാകിസ്താനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ലിയാഖത് നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നതായാണ് വാര്‍ത്തകള്‍.
ദാവൂദിന്റെ കാലുകളിലാണ് രോഗം പ്രധാനമായു ബാധിച്ചിരിക്കുന്നതെന്നും അസുഖം ഭേദമാകാത്തതിനാല്‍ കാല് മുറിച്ചു മാറ്റേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ.എസ്.ഐ നിര്‍ദ്ദേശ പ്രകാരം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 1993 ലെ സ്‌ഫോടന പരമ്പരകള്‍ക്ക് ശേഷമാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യയില്‍ കടന്നത്.
തുടര്‍ന്ന് പാകിസ്താനില്‍ അഭയം തേടിയ ദാവൂദ് അവിടെ ആത്യാഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് വാര്‍ത്തകളുണ്ടായിരുന്നു. പാകിസ്താനി മാധ്യമപ്രവര്‍ത്തകനായ ഗുലാം ഹസ്‌നെയ്‌നാണ് ആദ്യമായി ദാവൂദിന്റെ പാക് ജീവിതത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഐ.എസ്.ഐ ഗുലാമിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ലാഹോറില്‍ കൊട്ടാര സദൃശ്യമായ ആറായിരം ചതുരശ്ര അടി വീട്ടിലാണ് ദാവൂദ് താമസിക്കുന്നതെന്നാണ് ഗുലാം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യവും ലൈംഗിക തൊഴിലാളികളുമാണ് ദാവൂദിന്റെ പ്രധാന വിനോദങ്ങളെന്നും ഗുലാം പറഞ്ഞിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം പാകിസ്താന്‍ നിഷേധിച്ചിട്ടുണ്ട്.
അതേസമയം ഡി കമ്പനിയുടെ വ്യാവസായിക താല്‍പ്പര്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് ഈ അപവാദങ്ങള്‍ക്ക് പിന്നിലെന്നും ദാവൂദ് പൂര്‍ണ ആരോഗ്യവാനാണെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു. ദാവൂദിന്റെ അനന്തരാവകാശിയായി കരുതപ്പെടുന്ന ആളാണ് ഷക്കീല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല