സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘം സംഘപരിവാര്‍ നേതാക്കളെ ലക്ഷ്യമിടുന്നതായി സൂചന. ഗുജറാത്ത് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ സംഘപരിവാര്‍ നേതാക്കളെ കൊലപ്പെടുത്തി സാമുദായി കലാപം ഉണ്ടാക്കാന്‍ ദാവൂദ് സംഘം പദ്ധതി ആസൂത്രണം ചെയ്യുന്നത്. സൂചന ലഭിച്ചതിനെ തുടര്‍ന്ന് എന്‍.ഐ.എ. അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.
നവംബര്‍ രണ്ടിന് ബറൂച്ചില്‍ രണ്ട് ബി.ജെ.പി. നേതാക്കളെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായവരില്‍നിന്നാണ് പദ്ധതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറയുന്നു.ബറൂച്ചില്‍ ബി.ജെ.പി. മുന്‍ജില്ലാ പ്രസിഡന്റ് ശിരീഷ് ബംഗാളി, യുവമോര്‍ച്ച നേതാവ് പ്രഗ്‌നേഷ് മിസ്ത്രി എന്നിവരാണ് വെടിയേറ്റ് മരിച്ചത്. കേസില്‍ 11 പേരെ ഗുജറാത്ത് ഭീകരവിരുദ്ധസേന(എ.ടി.എസ്) അറസ്റ്റ് ചെയ്തു. ലണ്ടനില്‍ താമസിക്കുന്ന ബറൂച്ച് സ്വദേശിയായ ആബിദ് പട്ടേലാണ് ദാവൂദ് സംഘത്തിനായി കൃത്യം ആസൂത്രണം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ആബിദിന്റെ സഹോദരനും കറാച്ചിയില്‍ ഹോട്ടലുടമയുമായ ജാവേദ് ചിക്‌നയും പ്രതിയാണ്. 1993ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ഇയാളാണ് സഹോദരനെ ഇതിനായി നിയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ദാവൂദ്‌ഛോട്ടാ ഷക്കീല്‍ സംഘത്തില്‍ പെടുന്നയാളാണ് ചിക്‌ന.
ഒക്ടോബറില്‍ അജ്‌മേറിലാണ് ആബിദിന്റെ നിര്‍ദേശപ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് യുവാക്കള്‍ ഗൂഢാലോചന നടത്തിയത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളില്‍ പരിവാറിന്റെ പ്രാദേശിക നേതാക്കളെ വകവരുത്തുകയും സാമുദായിക അസ്വാസ്ഥ്യം ഇളക്കിവിടുകയുമായിരുന്നു ലക്ഷ്യം.
ഇവരുടെ ആദ്യ കൃത്യമാണ് ബറൂച്ചിലേതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഷൊയിബ് അന്‍സാരി, ഹൈദര്‍ ഷെയ്ക്ക് എന്നീ വാടകക്കൊലയാളികളാണ് നേതാക്കളെ വെടിവെച്ചത്. മിതവാദിയും പൊതു സ്വീകാര്യനുമായ ശിരീഷ് ബംഗാളിയെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അച്ചടിശാലയില്‍ വെച്ചാണ് വകവരുത്തിയത്. തടയാന്‍ ശ്രമിക്കുമ്പോള്‍ മിസ്ത്രിയും ഇരയായി. എന്നാല്‍ അതിന്റെ പേരില്‍ ലഹളകളൊന്നും മേഖലയില്‍ ഉണ്ടായില്ല.
ഞായറാഴ്ച എന്‍.ഐ.എ. സംഘം ബറൂച്ചിലെത്തി അന്വേഷണം ഏറ്റെടുത്തു. കേസിന് അന്താരാഷ്ട്രബന്ധമുണ്ടെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ഇതെന്ന് ഡി.ജി.പി. പി.സി. താക്കൂര്‍ അറിയിച്ചു. അധോലോകസംഘത്തിന്റെ നോട്ടപ്പുള്ളികളെന്ന് കരുതുന്ന ബറൂച്ചിലെ മൂന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
കര്‍ണാടകത്തില്‍ തീവ്ര ഹിന്ദു സംഘടയായ ശ്രീരാമസേനയുടെ നേതാക്കളെയും തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. ഡി.ഐ.ജി. സൂഹാസ് വിര്‍ക്കെയുടെ നേതൃത്വത്തിലാണ് എന്‍.ഐ.എ. അന്വേഷണം. അറസ്റ്റിലായ 11 പേരെയും സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല