സ്വന്തം ലേഖകൻ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാത്തവര്‍ക്കായി പുത്തുമലയില്‍ അന്ത്യവിശ്രമം. ഹാരിസണ്‍ പ്ലാന്റേഷന്‍ ഭൂമിയില്‍ അടുത്തടുത്ത് കുഴികളെടുത്താണ് സംസ്‌കാരം നടത്തുന്നത്. സര്‍വമത പ്രാര്‍ഥനയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
അവസാനമായി തന്റെ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് പുത്തുമലയിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ, ദുരന്തത്തില്‍ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരണം തുടങ്ങി.
ആദ്യഘട്ടത്തില്‍ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 1721 വീടുകളില്‍ 4833 പേര്‍ ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഇവിടുത്തെ മൂന്ന് വാര്‍ഡുകളാണ് ഉരുള്‍പൊട്ടിലില്‍ ഇല്ലാതായത്. ഇവരുടെ രേഖകള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉരുള്‍പ്പൊട്ടിലില്‍ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനും തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാംപിളുകള്‍ ശേഖരിച്ചു തുടങ്ങി.
അടുത്ത ബന്ധുക്കളുടെ രക്തസാംപിളുകളാണ് ശേഖകരിക്കുന്നത്. മേപ്പാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാംപിളുകള്‍ ശേഖരിക്കുന്നത്. വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ നഷ്ടമായ സര്‍ക്കാര്‍ രേഖകള്‍ ഒരിടത്ത് ലഭിക്കുന്ന സംവിധാനം റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സര്‍വകലാശാല രേഖകള്‍ അടക്കം എല്ലാ സര്‍ക്കാര്‍ രേഖകളും ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ സി ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല