സ്വന്തം ലേഖകൻ: പകൽസമയത്ത് അൽപമൊന്നു മയങ്ങാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ഈ മയക്കം നിരന്തരമാകുന്നത് അത്ര നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇത് പക്ഷാഘാതത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഇടയാക്കുമെന്നാണ് പുതിയൊരു പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണലായ ഹൈപ്പർടെൻഷനിൽ ആണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നിരിക്കുന്നത്.
പകൽസമയത്തെ മയക്കവും രക്തസമ്മർദവും പക്ഷാഘാതവും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. യു.കെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റാബേസിനെ ആധാരമാക്കിയാണ് പഠനം നടത്തിയത്. നാൽപതിനും അറുപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള അമ്പതിനായിരം പേരുടെ വിവരങ്ങളാണ് പഠനത്തിൽ ഉപയോഗിച്ചത്. രക്തവും മൂത്രവും ഉമിനീർ സാംപിളുകളും നൽകുന്നതുകൂടാതെ ജീവിതചര്യയെക്കുറിച്ചും ഇവർ പങ്കുവെച്ചു. 2006നും 2019നും ഇടയിൽ നാലുതവണയാണ് പഠനത്തിനുവേണ്ടിയുള്ള സർവേ സംഘടിപ്പിച്ചത്.
നേരത്തേ പക്ഷാഘാതം വന്നവരോ ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നവരോ ആയവരെ പഠനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. തുടർന്നുള്ള മൂന്നരലക്ഷം പേരിൽ നിന്നുള്ള വിവരശേഖരമാണ് പഠനത്തിന് വഴിത്തിരിവായത്. പകൽസമയത്തെ മയക്കത്തിന്റെ ആവൃത്തിക്കനുസരിച്ചാണ് സർവേ നടത്തിയത്. ഒരിക്കലുമില്ല, വല്ലപ്പോഴും, സ്ഥിരമായി തുടങ്ങിയ ഉത്തരങ്ങളാണ് പലരും പങ്കുവെച്ചത്.
നിരന്തരം പകൽസമയത്ത് മയങ്ങിയിരുന്നവരിൽ ഏറെയും പുരുഷന്മാരായിരുന്നു, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും ഇൻസോംനിയ പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെന്നും ഇവർ പങ്കുവെച്ചു. ഒരിക്കലും പകൽസമയത്ത് മയങ്ങാറില്ലെന്ന് പങ്കുവെച്ചവരിൽ നിന്ന് നിരന്തരം മയങ്ങാറുണ്ടെന്ന് പങ്കുവെച്ചവരിൽ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത പന്ത്രണ്ടു ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത 24 ശതമാനവുമാണെന്നും കണ്ടെത്തി.
പകൽ സമയത്ത് നിരന്തരം മയങ്ങിയിരുന്ന അറുപതു വയസ്സിൽ താഴെയുള്ളവരിൽ ആ ശീലമില്ലാത്തവരേക്കാൾ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത ഇരുപതു ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ഒരിക്കലും പകൽ സമയത്ത് മയങ്ങാത്തവർ പിന്നീട് ഇടയ്ക്കിടെയും അതിൽ നിന്ന് നിരന്തരവുമാകുമ്പോൾ ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത നാൽപതുശതമാനമാണെന്നും പഠനം കണ്ടെത്തി.
മിക്കയാളുകളും രാത്രികാലങ്ങളിൽ മതിയായ ഉറക്കം ലഭിക്കാത്തതിന്റെ പേരിലാണ് പകൽ സമയത്ത് മയങ്ങാറുള്ളത്. എന്നാൽ രാത്രികാലത്ത് ഉറക്കം ലഭിക്കാത്തത് ആരോഗ്യ പ്രശ്നമായി സമീപിക്കണമെന്നും പകൽ സമയത്തെ മയക്കം അതിനു പകരമാവില്ലെന്നും ഗവേഷകർ കണ്ടെത്തി.
എന്നാൽ പഠനത്തിലെ ചില പരിമിതികൾ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. മയക്കത്തിന്റെ ആവൃത്തി മാത്രമേ പഠനത്തിന് ആധാരമാക്കിയുള്ളൂ എന്നും അവയുടെ ദൈർഘ്യം എടുത്തില്ലെന്നതും ആണത്. മാത്രമല്ല പഠനത്തിൽ പങ്കെടുത്തവരിൽ ഏറെയും മധ്യവയസ്കരും പ്രായമായവരും ആണെന്നതും പരിമിതിയാണെന്ന് വിമർശനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല