സ്വന്തം ലേഖകന്‍: ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ രാപ്പകല്‍ ടെസ്റ്റ് ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡില്‍ തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രാത്രിയും പകലുമായി ഒരു ടെസ്റ്റ് നടത്തുന്നത്. ഓസ്‌ട്രേലിയയിലെ വിഖ്യാതമായ അഡലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്റും തമ്മിലാണ് കളി.
ടോസ് നേടിയ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ചുവപ്പിന് പകരം പിങ്ക് നിറമുള്ള പന്താണ് ടെസ്റ്റിന് ഉപയോഗിക്കുന്നത്.
ആദ്യത്തെ ഡേ നൈറ്റ് ടെസ്റ്റില്‍ ആദ്യമായി പുറത്തായ ബാറ്റ്‌സ്മാന്‍ എന്ന പേര് ന്യൂസിലന്‍ഡിന്റെ മാര്‍ട്ടില്‍ ഗുപ്ടിലാണ്. 1 റണ്‍സെുത്ത ഗുപ്ടിലിനെ പുറത്താക്കിയ ഹേസല്‍വുഡ് ഡേ നൈറ്റ് ടെസ്റ്റിലെ ആദ്യത്തെ വിക്കറ്റിന് ഉടമയായി.
ചാപ്പല്‍ ഹാഡ്‌ലീ ട്രോഫി എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ അവസാനത്തെ ടെസ്റ്റാണിത്. ഒന്നാം ടെസ്റ്റ് ഓസ്‌ട്രേലിയ ജയിച്ചു. പെര്‍ത്തിലെ രണ്ടാം ടെസ്റ്റ് സമനിലയിലായി. ബ്രിസ്‌ബേനില്‍ 208 റണ്‍സിനായിരുന്നു ഓസീസ് ജയം.
പകല്‍ രാത്രി മത്സരങ്ങള്‍ കാണികള്‍ക്ക് കൂടുതല്‍ ആവേശം പകരുമെന്നാണ് പ്രതീക്ഷ. ട്വന്റി 20 മത്സരങ്ങള്‍ക്കിടെ ടെസ്റ്റിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റം. 2012 ലാണ് ഐ സി സി ഡേ നൈറ്റ് ടെസ്റ്റിന് പച്ചക്കൊടി കാട്ടിയത്. ജൂണിലാണ് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഡേ നൈറ്റ് ടെസ്റ്റ് കളിക്കാന്‍ സമ്മതിച്ചത്.
ചുവപ്പ് പന്താണ് ഇതുവരെ ടെസ്റ്റിന് ഉപയോഗിച്ച് പോന്നിരുന്നത്. രാത്രി ചുവന്ന പന്ത് കാണാന്‍ പ്രയാസമാകും എന്ന് കരുതിയാണ് പിങ്ക് പന്ത് ഉപയോഗിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ ഉപയോഗിച്ചു പരീക്ഷിച്ച ശേഷമാണ് ടെസ്റ്റിലേക്ക് പിങ്ക് പന്ത് കൊണ്ടുവരുന്നത്.
കളി നിയമത്തിലോ ഓവറുകളിലോ മാറ്റമില്ല. അഞ്ച് ദിവസം ആറ് മണിക്കൂര്‍ വീതം തന്നെയാണ് കളി. ഓരോ ദിവസവും 90 ഓവര്‍ വീതം എറിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല