സ്വന്തം ലേഖകൻ: കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഏർപ്പെടുത്തിയ പവർ കട്ടിനെ തുടർന്ന് കൊടുംചൂടിൽ വെന്തുരുകി ജനങ്ങൾ. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം ഞായറാഴ്ചയാണ് രാജ്യത്ത് പവർ കട്ട് പ്രഖ്യാപിച്ചത്. വൈദ്യുത നിലയങ്ങളിലേക്കുള്ള പ്രകൃതിവാതക വിതരണം തടസ്സപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. രാജ്യത്തെ അറുപതോളം പാർപ്പിട, വ്യാവസായിക മേഖലകളെ പവർ കട്ട് സാരമായി ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഗ്യാസ് വിതരണത്തിലെ പ്രശ്നങ്ങൾ കാരണം സുബിയ, വെസ്റ്റ് ദോഹ പവർ പ്ലാൻ്റുകളിലെ നിരവധി ജനറേഷൻ യൂണിറ്റുകൾ ഉത്പാദനം നിർത്തിയതിനെ തുടർന്ന് ഒമ്പത് വ്യാവസായിക -കാർഷിക മേഖലകൾക്ക് പുറമേ ആറ് ഗവർണറേറ്റുകളിലും ഉൾപ്പെടുന്ന 50-ലധികം റെസിഡൻഷ്യൽ ഏരിയകളിലും വൈദ്യുതി വിച്ഛേദിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി മന്ത്രാലയം പിന്നീട് എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടിൽ അറിയിച്ചു.
കുവൈത്തിൽ ഏതാനും ആഴ്ചകളായി തുടരുന്ന ശക്തമായ ചൂടിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം വലിയ തോതിൽ വർധിച്ചിരുന്നു. നിലവിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം 17,000 മെഗാവാട്ടിനടുത്തെത്തിയതായി അധികൃതർ അറിയിച്ചു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകൾ പൂർണ്ണമായി നിലച്ചതായി മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
ഇത് രണ്ട് പവർ, വാട്ടർ ഡീസലൈനേഷൻ പ്ലാൻ്റുകളിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടർബൈനുകൾക്ക് വിതരണം ചെയ്യുന്ന വാതകത്തിൻ്റെ അളവിനെ ബാധിച്ചു. തൽഫലമായി, സുബിയ, വെസ്റ്റ് ദോഹ പ്ലാൻ്റുകളിലെ നിരവധി ജനറേഷൻ യൂണിറ്റുകൾ നിർത്തിവയ്ക്കാനും മിക്കവാറും എല്ലാ പ്രദേശങ്ങളിലേക്കും പ്രോഗ്രാം ചെയ്ത വൈദ്യുതി വെട്ടിക്കുറയ്ക്കാനും മന്ത്രാലയം നിർബന്ധിതരായതായും അധികൃതർ അറിയിച്ചു. പവർ കട്ട് ഇന്ന് തിങ്കളാഴ്ചയും തുടരുമോ എന്ന കാര്യം മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
കുതിച്ചുയരുന്ന താപനിലയെത്തുടർന്ന് ഉപഭോഗം വൻതോതിൽ വർധിച്ച സാഹചര്യത്തിൽ ഈ വർഷം ഇത് രണ്ടാം തവണയാണ് മന്ത്രാലയം പവർകട്ട് ഏർപ്പെടുത്തുന്നത്. കുവൈത്തിൽ ഈ വേനൽക്കാലത്ത് ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വിദഗ്ധൻ ഇസ റമദാൻ ഞായറാഴ്ച പറഞ്ഞു. അടുത്ത കുറച്ച് ദിവസത്തേക്ക് രാജ്യത്തെ ഉഷ്ണ തരംഗവും ഉയർന്ന ഈർപ്പവും ബാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
അതേസമയം, മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, പ്രത്യേകിച്ച് രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയുള്ള തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല