ലണ്ടന്‍: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കുടുംബങ്ങളുടെ ഇന്ധന ബില്ലുകളില്‍ 54 പൗണ്ടിന്റെ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ട്. വില താരതമ്യം ചെയ്യുന്ന വെബ്‌സൈറ്റായ മണിസൂപ്പര്‍മാര്‍ക്കറ്റാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അതിന്റെ എല്ലാ അതിര്‍ വരമ്പുകളും കടന്നുവെന്ന് മിക്ക കുടുംബങ്ങള്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് വെബ്‌സൈറ്റിന്റെ ഹെഡ് കെവിന്‍ മൗണ്ട്‌ഫോര്‍ഡ് പറയുന്നു.
2008 ഒക്ടോബറിനുശേഷം ആദ്യമായി പണപ്പെരുപ്പനിരക്ക് കഴിഞ്ഞമാസം 4.5%ത്തിലെത്തിയിരുന്നു. ഇത് പലിശനിരക്ക് വര്‍ധിക്കാനിടയാക്കും. ഫിക്‌സഡ്-റെയ്റ്റ് ലോണല്ലെങ്കില്‍ ഇത് വീട്ടുടമസ്ഥര്‍ നല്‍കേണ്ട പലിശയും വര്‍ധിപ്പിക്കും. വിമാനയാത്രചിലവിലുണ്ടായ 29% വര്‍ധനവുള്‍പ്പെടെ മാര്‍ച്ചിനെ അപേക്ഷിച്ച് എപ്രിലില്‍ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചതായാണ് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്ക്. റോയല്‍ വെഡിംങ്ങിന്റെയും രണ്ട് ബാങ്ക് അവധി ദിനങ്ങളുടെയും പ്രയോജനം മുന്നില്‍കണ്ട് വിമാനക്കമ്പനികളും ട്രാവല്‍ ഏജന്റെുമാരും വില നന്നായി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം, മദ്യത്തിന്റെയും സിഗരറ്റിന്റെ വില 5.3% വര്‍ധിച്ചു. 15 വര്‍ഷത്തിനുശേഷമുള്ള ഏറ്റവും വലിയ വര്‍ധനവാണിത്. വാറ്റ്, നാഷണല്‍ ഇന്‍ഷുറന്‍സ്, എന്നിവയും വര്‍ധിച്ചിട്ടുണ്ട്. പെട്രോളിന്റെയും, ഭക്ഷ്യസാധനങ്ങളുടേയും ഇന്ധനത്തിന്റെയും വിലയാണ് ആളുകളെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നാണ് വെബ്‌സൈറ്റ് പറയുന്നത്.
എനര്‍ജി ബില്ലുകളില്‍ വര്‍ധനവുണ്ടാകുന്നത് മൂലം പണപ്പെരുപ്പ നിരക്ക് ഇനിയും കൂടുമെന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പും ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പലിശ നിരക്ക് 0.5%മാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലനിര്‍ത്തിയിരുന്നു.എന്നാല്‍ താമസിയാതെ ഒരു നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. ബെയ്‌സ് നിരക്ക് വര്‍ധിപ്പിക്കാനുള്ള ബാങ്കിന്റെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പല ബിസിനസ് ലോബികളും, സാമ്പത്തിക വിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല